'അവനെ ഇങ്ങനെ കാണാനാകില്ല'; മുന്‍ സഹതാരത്തിനു വേണ്ടി അപേക്ഷയുമായി കപില്‍ ദേവ്

കപിലിന്‍റെ മുന്‍സഹതാരം അന്‍ഷുമാന്‍ ഗേയ്ക്‌വാദ് ലണ്ടനിലെ കിങ്‌സ് കോളേജ് ആശുപത്രിയില്‍ രക്താര്‍ബുദ ബാധിതനായി ചികിത്സയിലാണ്
അന്‍ഷുമാന്‍ ഗേയ്ക്‌വാദ്, കപില്‍ ദേവ്
അന്‍ഷുമാന്‍ ഗേയ്ക്‌വാദ്, കപില്‍ ദേവ്
Published on
Updated on

മുന്‍ ഇന്ത്യന്‍ നായകൻ കപില്‍ ദേവ് സഹതാരത്തിനായി അപേക്ഷയുമായി ബിസിസിഐക്ക് മുന്നില്‍. കപിലിന്‍റെ മുന്‍സഹതാരം അന്‍ഷുമാന്‍ ഗേയ്ക്‌വാദ് ലണ്ടനിലെ കിങ്‌സ് കോളേജ് ആശുപത്രിയില്‍ രക്താര്‍ബുദ ബാധിതനായി ചികിത്സയിലാണ്. സഹതാരങ്ങളായ മൊഹീന്ദര്‍ അമര്‍നാഥ്, സുനില്‍ ഗവാസ്‌ക്കര്‍, സന്ദീപ് പാട്ടില്‍, ദിലീപ് വെങ്‌സര്‍ക്കാര്‍, മദന്‍ ലാല്‍, രവി ശാസ്ത്രി, കീര്‍ത്തി ആസാദ് എന്നിവര്‍ ഗേയ്ക്‌വാദിന്‍റെ ചികിത്സയ്ക്കായി സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന് കപില്‍ വെളിപ്പെടുത്തി.

ഈ വിഷയം ബിസിസിഐ വിശദമായി പരിശോധിക്കുമെന്നും വേണ്ട സാമ്പത്തിക സഹായം ഇന്ത്യയുടെ കോച്ചു കൂടിയായിരുന്ന ഗേയ്ക്‌വാദിന് നല്‍കുമെന്നും തനിക്ക് വിശ്വാസമുണ്ടെന്ന് കപില്‍ പറഞ്ഞു. സാഹചര്യങ്ങള്‍ എന്നിട്ടും ബേധപ്പെട്ടില്ലെങ്കില്‍ തന്‍റെ പെന്‍ഷന്‍ ഉപേക്ഷിക്കാന്‍ തയ്യാറാണെന്നും കപില്‍ അറിയിച്ചു.

"ഇത് വളരെ സങ്കടകരവും നിരാശാജനകവുമാണ്. ഞാന്‍ അന്‍ഷുവിനൊപ്പം കളിച്ചതാണ്. അദ്ദേഹത്തെ ഈ അവസ്ഥയില്‍ കാണുന്നത് സഹിക്കാനാകാത്ത വേദനയാണ്. ആരും കഷ്ടപ്പെടരുത്. ബോര്‍ഡ് അദ്ദേഹത്തെ പരിപാലിക്കുമെന്ന് എനിക്കറിയാം. ഞങ്ങള്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. അന്‍ഷുവിനുള്ള ഏത് സഹായവും നിങ്ങളുടെ ഹൃദയത്തില്‍ നിന്നാണ് ഉണ്ടാകേണ്ടത്. ചില ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്തിനും നെഞ്ചിനും അടിയേറ്റു. ഇപ്പോള്‍ നമ്മള്‍ അദ്ദേഹത്തിനു വേണ്ടി നിലകൊള്ളേണ്ട സമയമാണ്. നമ്മുടെ ക്രിക്കറ്റ് ആരാധകര്‍ അദ്ദേഹത്തെ പരാജയപ്പെടുത്തില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കണം", കപില്‍ ദേവ് സ്പോര്‍ട്സ് സ്റ്റാറിനോട് പറഞ്ഞു.

ഇന്ത്യന്‍ ക്രിക്കറ്റിന് ഗേയ്ക്‌വാദ് നല്‍കിയ സംഭാവനകള്‍ അമൂല്യമാണ്. 1975-87 കാലഘട്ടത്തില്‍ ഗേയ്ക്‌വാദ് ഇന്ത്യക്കായി 40 ടെസ്റ്റുകളും 15 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. രണ്ട് വ്യത്യസ്ത കാലത്ത് ഗേയ്ക്‌വാദ് ഇന്ത്യയുടെ കോച്ചായും പ്രവര്‍ത്തിച്ചിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com