മഹാരാഷ്ട്രയെ ആശങ്കയിലാക്കി ഗില്ലന്‍ ബാരി സിന്‍ഡ്രോം; രോ​ഗികളുടെ എണ്ണം 73 ആയി

രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാ​ഹചര്യത്തിൽ ആശുപത്രി അധികൃതർ ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യ വിഭാ​ഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
മഹാരാഷ്ട്രയെ ആശങ്കയിലാക്കി ഗില്ലന്‍ ബാരി സിന്‍ഡ്രോം;  രോ​ഗികളുടെ എണ്ണം 73 ആയി
Published on


മഹാരാഷ്ട്രയെ ആശങ്കയിലാക്കി ഗില്ലന്‍ ബാരി സിന്‍ഡ്രോം. ആറ് പേർക്ക് കൂടി രോ​ഗം സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ള രോ​ഗികളുടെ എണ്ണം 73 ആയി. 73 രോഗികളിൽ 44 പേർ പൂനെയുടെ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരും 11 പേർ മുനിസിപ്പൽ കോർപ്പറേഷൻ പരിധിയിൽ നിന്നുള്ളവരും 15 രോഗികളും പിംപ്രി ചിഞ്ച്‌വാഡ് മുനിസിപ്പൽ കോർപ്പറേഷനിൽ നിന്നുള്ളവരുമാണ്. മൂന്ന് പേർ മറ്റ് ജില്ലകളിൽ നിന്നും വന്നവരാണ്. രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാ​ഹചര്യത്തിൽ ആശുപത്രി അധികൃതർ ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യ വിഭാ​ഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എന്താണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം?

ശരീരത്തിന്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ബാധിക്കുന്ന അപൂർവ ന്യൂറോളജിക്കൽ രോഗമാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം. വയറിളക്കവും ഛര്‍ദിയും വയറുവേദനയുമാണ് അസുഖത്തിന്റെ ആദ്യ ലക്ഷണങ്ങള്‍. തുടർന്ന് കൈകാലുകള്‍ക്ക് ബലക്ഷയം, മരവിപ്പ്, പക്ഷാഘാതം എന്നിവ ഉണ്ടാകുമെന്നും പഠനങ്ങള്‍ പറയുന്നു.

ചെറിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന രോഗം പെട്ടെന്ന് മൂര്‍ച്ഛിക്കാന്‍ സാധ്യതയുണ്ട്. കഴുത്ത്, മുഖം, കണ്ണുകള്‍ തുടങ്ങിയവയെ രോഗം ബാധിക്കും. നടക്കാനുള്ള ബുദ്ധിമുട്ട്, ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവയും രോ​ഗിക്ക് അനുഭവപ്പെട്ടേക്കാം. അതേസമയം, ജിബിഎസ് ഒരു പകര്‍ച്ചവ്യാധിയല്ല.


എങ്ങനെ രോഗപ്രതിരോധിക്കാം?


ചൂട് വെള്ളം മാത്രം കുടിക്കുക. പച്ചക്കറികളും പഴങ്ങളും കഴുകി വൃത്തിയാക്കിയതിന് ശേഷം മാത്രം ഉപയോ​ഗിക്കുക. മത്സ്യങ്ങളും, മാംസങ്ങളും നന്നായി വേവിച്ച് കഴിക്കുക. കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകുക. പാത്രങ്ങൾ വൃത്തിയായി കഴുകി സൂക്ഷിക്കുക. വ്യക്തി ശുചിത്വം പാലിക്കുക.

ശ്രദ്ധിക്കുക ഒരു രോ​ഗവും സ്വയം ചികിത്സിക്കരുത്. രോ​ഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഉടൻ ചികിത്സ തേടണം. നടക്കാന്‍ ബുദ്ധിമുട്ടോ മരവിപ്പോ ഉണ്ടാവുക, വിട്ടുമാറാത്ത വയറിളക്കം, രക്തം പോവുക തുടങ്ങിയ അവസ്ഥകളുണ്ടായാൽ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടതാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com