
എട്ട് കോടിയിലധികം വരുന്ന സ്കൂള്‍കുട്ടികള്‍ക്ക് പോഷകാഹാരം എത്തിക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യ ഉച്ചഭക്ഷണപദ്ധതി വികസിപ്പിക്കുകയാണ് ഇന്തോനേഷ്യ. അടുത്ത ദിവസം അധികാരത്തിലേറാനിരിക്കുന്ന നിയുക്ത പ്രസിഡന്‍റിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന പദ്ധതിക്ക് വിമർശകരുമുണ്ട്.
ഇന്തോനേഷ്യയിലെ സുകബുമിയിലെ അടുക്കളയിൽ 20 സ്കൂളുകൾക്കായി ദിവസവും 3,300 ചോറ്റുപാത്രങ്ങളാണ് തയ്യാറാക്കുന്നത്. ഒക്ടോബർ 20ന് അധികാരത്തിലേറാനിരിക്കുന്ന നിയുക്ത പ്രസിഡന്‍റ് പ്രബോവോ സുബിയാൻ്റോയുടെ സൗജന്യ ഉച്ചഭക്ഷണപദ്ധതിയുടെ പൈലറ്റ് പദ്ധതിപ്രകാരം, 3 ദശലക്ഷം കുട്ടികള്‍ക്കുവേണ്ടിയുള്ള ഭക്ഷണം തയ്യാറാക്കപ്പെടുന്ന രാജ്യത്തെ കേന്ദ്രങ്ങളിലൊന്നാണിത്.
പോഷകാഹാര വിദഗ്ദരുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ പാലും മുട്ടയും പച്ചക്കറികളും പഴങ്ങളുമടങ്ങുന്ന സമീകൃതമായ മെനു പ്രകാരം, ഇന്തോനേഷ്യയിലെ 8.3 കോടി കുട്ടികൾക്കും ഗർഭിണികൾക്കും സൗജന്യമായി പോഷകാഹാരം എത്തിക്കുന്ന-28 ദശലക്ഷം അമേരിക്കന്‍ ഡോളർ ചെലവ് വരുന്ന പദ്ധതി- പ്രബോവോ സുബിയാൻ്റോയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു.
അടുത്ത ജനുവരിയില്‍ പൂർണമായി ആരംഭിക്കുമെന്ന് കണക്കാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ആരംഭിച്ചത്. അധികാരമൊഴിയുന്ന ജോക്കോ വിഡോഡോ സർക്കാരില്‍ പ്രതിരോധ വകുപ്പ് കെെകാര്യം ചെയ്തുവരവെ, സുബിയോന്‍റോയുടെ നേതൃത്വം ആരംഭിച്ച പദ്ധതി ഏപ്രിൽ മാസത്തോടെ ഇരട്ടിയാക്കുമെന്നും ജൂലൈയിൽ 15 ദശലക്ഷത്തിലെത്തുമെന്നുമാണ് പ്രതീക്ഷിക്കപ്പെടുന്നത്.
രാജ്യത്തുടനീളം കുറഞ്ഞത് 5,000 അടുക്കളകളെങ്കിലും സ്ഥാപിച്ചായിരിക്കും നടപടി. പ്രാദേശികമായി ലഭ്യമായ ചേരുവകളും മസാലക്കൂട്ടുകളുപയോഗിച്ച് തയ്യാറാക്കുന്നത് ഭക്ഷണം രുചിയുള്ളതെന്ന് കുട്ടികളും സമ്മതിക്കുന്നു. എന്നാൽ പച്ചക്കറികൾ കഴിക്കാൻ കുട്ടികള്‍ക്ക് താത്പര്യമില്ലാതെ വരുമ്പോള്‍ വലിയതോതില്‍ ഭക്ഷണം പാഴാകുന്നു എന്നതടക്കം പ്രാരംഭഘട്ടത്തിലെ പ്രശ്നങ്ങളെ പരിഹരിച്ചുവേണം പദ്ധതിക്ക് മുന്നോട്ടുപോകാന്‍.
17,000 ദ്വീപസമൂഹങ്ങളായി വിഭജിച്ചുകിടക്കുന്ന രാജ്യത്തെയാകെ ദേശീയ തലത്തില്‍ വികസിപ്പിച്ച അടുക്കളകളിലൂടെ കവർ ചെയ്യാനുള്ള പദ്ധതിയുടെ സാമ്പത്തികവും ഭൂമിശാസ്ത്രപരവുമായ വെല്ലുവിളികളെക്കുറിച്ച് സാമ്പത്തിക വിദഗ്ദരുള്‍പ്പടെ ആശങ്കയുയർത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറിവരുന്ന രാജ്യത്തെ വീണ്ടും പ്രതിസന്ധിയിലേക്ക് തള്ളിവിടും കോടികള്‍ വിലമതിക്കുന്ന പദ്ധതിയെന്നാണ് വിമർശകരുയർത്തുന്ന ആശങ്ക.
എന്നാൽ വിമർശനങ്ങൾക്കിടയിലും, ദാരിദ്രത്തിന്‍റെ പിടിയിലായ കുടുംബങ്ങള്‍ അവരുടെ കുട്ടികളെ സ്കൂളുകളിലേക്ക് അയക്കുന്നതിനുള്ള പ്രോത്സാഹനമാകുന്നു പദ്ധതിയെന്നതില്‍ നിരീക്ഷകർ സമ്മതിക്കുന്നു. കൂടുതല്‍ ഉന്മേഷത്തോടെ ഓടിക്കളിക്കുന്ന കുട്ടികളും പദ്ധതിവിജയത്തിന്‍റെ ഉദാഹരണമാണ്. ഈ നീക്കത്തിലൂടെ അഞ്ച് വയസ്സിന് താഴെയുള്ള 21.5% കുട്ടികളിലെ പോഷകാഹാരക്കുറവിനെ ബജറ്റടിസ്ഥാനത്തില്‍ പരിഹരിക്കാനാകുമെന്നാണ് പ്രബോവോ സർക്കാരിന്‍റെ അവകാശവാദം.
സാമ്പത്തിക വളർച്ചയുടെ ഉത്തേജിപ്പിക്കുന്നതിന് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രാദേശിക ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും പദ്ധതി ഗുണപ്പെടും. ജിഡിപി വളർച്ച ഇപ്പോൾ 5% ൽ നിന്ന് 8% ആയി ത്വരിതപ്പെടുത്തുമെന്നാണ് സത്യപ്രതിജ്ഞ ചെയ്തുകൊണ്ടുള്ള പ്രബോവോ സർക്കാരിന്‍റെ വാഗ്ദാനം.