
നിവിന്‍ പോളിക്കെതിരായ പീഡന പരാതിയില്‍ പരാതിക്കാരിയുടെ മൊഴി മൂന്നാമതും രേഖപ്പെടുത്തും. യുവതി പറഞ്ഞ തീയതികളില്‍ അന്വേഷണ സംഘത്തിന് അവ്യക്തതയുള്ളതിനെ തുടര്‍ന്നാണിത്. യുവതിയുടെയും നിവിന്റേയും പാസ്‌പോര്‍ട്ട് രേഖകളുടെ അടിസ്ഥാനത്തിലായിരിക്കും മൊഴിയെടുക്കുക. തുടര്‍ന്ന് യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കേസിലെ മറ്റ് പ്രതികളായ നിര്‍മ്മാതാവ് എകെ സുനില്‍ അടക്കമുള്ളവരെ രണ്ട് ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്യും. അതോടൊപ്പം യുവതിക്കെതിരെ നിവിന്‍ നല്‍കിയ പരാതിയിലും അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
നേരത്തെ കേസില്‍ ആലുവ ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് പരാതി നല്‍കിയ യുവതിയേയും ഭര്‍ത്താവിനേയും വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു. അതേസമയം കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായും പരാതിക്കാരി സംശയം പ്രകടിപ്പിച്ചു. ഹണിട്രാപ്പില്‍ കുടുക്കാനുള്ള ഗൂഢാലോചനയുണ്ടെന്ന് സംശയമുണ്ട്. അത്തരത്തിലുള്ള ചോദ്യങ്ങളാണ് ഉണ്ടായതെന്നും യുവതി പറഞ്ഞു.
ALSO READ : വരുമാന മാര്‍ഗത്തെ കുറിച്ച് ചോദ്യം; അന്വേഷണം അട്ടിമറിക്കുന്നുവെന്ന സംശയവുമായി നിവിന്‍ പോളിക്കെതിരായ പരാതിക്കാരി
സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു നേര്യമംഗലം സ്വദേശിയായ യുവതി നിവിന്‍ പോളിക്കെതിരെ നല്‍കിയ പരാതിയില്‍ പറയുന്നത്. ദുബായ് അടക്കം മൂന്ന് സ്ഥലത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ആറ് പ്രതികളാണ് കേസിലുള്ളത്. പരാതിക്കാരിയുടെ സുഹൃത്ത് ശ്രേയ ആണ് ഒന്നാം പ്രതി. രണ്ടാം പ്രതി നിര്‍മാതാവ് എകെ സുനിലാണ് , മൂന്നാം പ്രതി ബിനു, നാലാം പ്രതി ബഷീര്‍, അഞ്ചാം പ്രതി കുട്ടന്‍ എന്നവരാണ് കേസിലെ മറ്റ് പ്രതികള്‍. ആറാം പ്രതിയാണ് നിവിന്‍.
ദുബായില്‍ പീഡിപ്പിച്ചുവെന്ന് പറയുന്ന ദിവസം നിവിന്‍ പോളി കൊച്ചിയില്‍ ഷൂട്ടിങ്ങിലായിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ സിനിമാപ്രവര്‍ത്തകരും പുറത്തുവിട്ടിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയുടെ ലൊക്കേഷനിലുള്ള ചിത്രങ്ങളാണ് അണിയറ പ്രവര്‍ത്തകരും സഹതാരങ്ങളും പങ്കുവെച്ചത്. അന്നേ ദിവസം താമസിച്ചിരുന്ന കൊച്ചി ക്രൗണ്‍ പ്ലാസ ഹോട്ടലിലെ ബില്ലും ഈ ദിവസങ്ങളില്‍ എടുത്ത ഫോട്ടോകളുമാണ് പുറത്തുവിട്ടത്.