
ഒഡീഷയിൽ പരാതി പറയാനെത്തിയ സൈനിക ഉദ്യോഗസ്ഥൻ്റെ പ്രതിശ്രുത വധുവിനെ കസ്റ്റഡിയിലെടുത്ത് ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ സൈനിക ഉദ്യോഗസ്ഥനും പ്രതിശ്രുത വധുവും ക്രൈംബ്രാഞ്ചിന് പരാതി സമർപ്പിച്ചു. ഭരത്പൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ തെളിവുകളിൽ കൃത്രിമം നടത്തി എന്ന് ആരോപിച്ചാണ് ഇരുവരും പരാതി സമർപ്പിച്ചത്. ആചാരമെന്ന പേരിൽ പൊലീസ് സ്റ്റേഷൻ മുഴുവൻ കഴുകി വൃത്തിയാക്കിയെന്നും, നിർണായക തെളിവുകളെല്ലാം ഇതിലൂടെ നശിപ്പിച്ചുവെന്നും സൈനിക ഉദ്യോഗസ്ഥനും പ്രതിശ്രുത വധുവും സമർപ്പിച്ച പരാതിയിൽ പറയുന്നു.
സ്പോട്ട് വെരിഫിക്കേഷൻ നടത്തുന്നതിനായി സെപ്റ്റംബർ 24ന് ഭരത്പൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചെന്നും, ഈ സമയം ഫോറൻസിക് സംഘവും അവിടെ ഉണ്ടായിരുന്നതായും പരാതിയിൽ പറയുന്നുണ്ട്. ഈ സമയമാണ് ആചാരപ്രകാരം നടത്തുന്ന പൂജയെന്ന പേരിൽ തെളിവുകൾ നശിപ്പിച്ചുവെന്ന് തിരിച്ചറിഞ്ഞത്. അന്വേഷണത്തിൻ്റെ ഭാഗമായി തെളിവുകൾ നശിപ്പിക്കുന്നതിനുള്ള മനപൂർവ ശ്രമമാണിതെന്നും പരാതിക്കാരി പറഞ്ഞു. സംഭവത്തിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നും, കൂടുതൽ തെളിവുകൾ നശിപ്പിക്കപ്പെടരുതെന്നും പരാതിക്കാരി പറഞ്ഞു.
സെപ്റ്റംബർ 15നാണ് ഒഡീഷയിൽ പരാതി പറയാനെത്തിയ സൈനിക ഉദ്യോഗസ്ഥൻ്റെ പ്രതിശ്രുത വധുവിനെ ഭരത്പൂർ പൊലീസ് സ്റ്റേഷനിൽ കസ്റ്റഡിലെടുത്ത് പീഡിപ്പിച്ചെന്ന പരാതി ഉയർന്ന് വന്നത്. സംഭവത്തിൽ ഭരത്പൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉൾപ്പടെ അഞ്ച് പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.