അനധികൃത കുടിയേറ്റം: യുഎസിൽ നിന്ന് നാടുകടത്തപ്പെട്ടവരുടെ രണ്ടാം സംഘം ഇന്ന് ഇന്ത്യയിലെത്തും

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അനധികൃത കുടിയേറ്റ വിരുദ്ധ നിലപാടിനെ തുടർന്നാണ് കുടിയേറ്റക്കാരെ നാടുകടത്തുന്നത്
പ്രതീത്മക ചിത്രം
പ്രതീത്മക ചിത്രം
Published on

യുഎസിൽ നിന്ന് നാടുകടത്തുന്ന അനധികൃത കുടിയേറ്റക്കാരെ വഹിച്ചുകൊണ്ടുള്ള രണ്ടാം സംഘം ഇന്ന് ഇന്ത്യയിലെത്തും. ഇന്നും നാളെയുമായാ ണ്  ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള വിമാനം ഇന്ത്യയിലെത്തുകെന്നാണ് ലഭ്യമാകുന്ന വിവരം. 119 ഇന്ത്യക്കാരുമായി ആദ്യ വിമാനം ഇന്ന് രാത്രി അമൃത്സറിൽ എത്തുമെന്നും അറിയിപ്പിൽ പറയുന്നു. പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശനത്തിന് പിന്നാലെയാണ് യുഎസ് വീണ്ടും ഇന്ത്യക്കാരുടെ നാടുകടത്തലിന് തയ്യാറെടുക്കുന്നത്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ അനധികൃത കുടിയേറ്റ വിരുദ്ധ നിലപാടിനെ തുടർന്നാണ് കുടിയേറ്റക്കാരെ നാടുകടത്തുന്നത്.


ആദ്യഘട്ടത്തിൽ നാടുകടത്തിയ 205 അനധികൃത കുടിയേറ്റക്കാർ ഫെബ്രുവരി അഞ്ചിനാണ് ഇന്ത്യയിലെത്തിയത്. ഇവരിൽ ഭൂരിഭാഗവും യുപി, മഹാരാഷ്ട്ര,എന്നിവിടങ്ങളിൽ നിന്നുള്ളവരായിരുന്നു.ഇവരെ വഹിച്ചുകൊണ്ടുള്ള സി-17 സൈനിക വിമാനവും അമൃത്സറിലാണ് ലാൻഡ് ചെയ്തത്. നിലപാട് കടുപ്പിക്കുന്നതിൻ്റെ ഭാഗമായി 11ദശലക്ഷം അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിൽ നിന്ന് യുഎസിലേക്ക് അനധികൃതമായി കുടിയേറിയവരെ തിരിച്ചയയ്ക്കാനുള്ള യുഎസ് സര്‍ക്കാരിന്‍റെ നടപടിയോട് തുറന്ന മനസാണെന്നായിരുന്നു വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിൻ്റെ പ്രതികരണം.



എന്നാൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതിൽ പഞ്ചാബിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും എതിർപ്പ് പ്രകടിപ്പിച്ച് കൊണ്ട് രംഗത്തെത്തിയിരുന്നു. യുഎസ് സർക്കാരിൻ്റെ തീരുമാനത്തിൽ സംസ്ഥാന എൻആർഐ കാര്യ മന്ത്രി കുൽദീപ് സിംഗ് ധലിവാൾ നിരാശ പ്രകടിപ്പിച്ചു.ആ രാജ്യത്തിൻ്റെ സമ്പദ് വ്യവസ്ഥയ്ക്ക് സംഭാവന നൽകിയ വ്യക്തികളെ നാടുകടത്തുന്നതിന് പകരം, അവിടെ സ്ഥിര താമസക്കാരാക്കണം എന്നായിരുന്നു, മന്ത്രിയുടെ പ്രതികരണം. നിരവധി ഇന്ത്യക്കാർ യുഎസിലെത്തിയത് വർക്ക് പെർമിറ്റിലാണ്. പെർമിറ്റിൻ്റെ കാലവധി അവസാനിച്ചതിൽ പിന്നെയാണ് ഇന്ത്യക്കാരെ നിയമവിരുദ്ധ കുടിയേറ്റക്കാരായി കണക്കാക്കപ്പെട്ടതെന്നും മന്ത്രി പറഞ്ഞു.

നാടുകടത്തപ്പെട്ട് ഇന്ത്യയിലെത്തുന്ന ഇന്ത്യക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള പൂർണ ശ്രമം ആരംഭിക്കണമെന്ന് നോർത്ത് അമേരിക്കൻ പഞ്ചാബി അസോസിയേഷൻ പഞ്ചാബ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. "ചെറുപ്പക്കാരിൽ ഭൂരിഭാഗം പേരും, മികച്ച ജീവിത സാഹചര്യങ്ങൾ തേടിയും കുടുംബത്തിൻ്റെ അടിത്തറ മെച്ചപ്പെടുത്താൻ വേണ്ടിയുമാണ് മറ്റ് രാജ്യങ്ങളെ ആശ്രയിക്കുന്നത്. അവരുടെ സ്വപ്നങ്ങളെല്ലാം തകർന്നു, അവരുടെ പ്രതീക്ഷകളും നഷ്ടപ്പെട്ടു. സാമ്പത്തിക പ്രശ്നങ്ങളും മാനസിക ബുദ്ധിമുട്ടുകളുമായാണ് അവർ മടങ്ങിയെത്തുന്നത്. അവരുടെ ശരിയായ പുനരധിവാസം ഉറപ്പാക്കേണ്ടത് നമ്മളുടെ ഉത്തരവാദിത്തമാണ്",എന്നാണ് എൻഎപിഎയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സത്നം സിംഗ് ചാഹലിൻ്റെ പ്രതികരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com