
ഒളിംപിക്‌സ് വില്ലേജിൽ എസി ഇല്ലാത്തതിൽ പ്രതിഷേധിച്ച് പാർക്കിൽ കിടന്നുറങ്ങി സ്വർണമെഡൽ ജേതാവും ഇറ്റാലിയൻ നീന്തൽ താരവുമായ തോമസ് ചെക്കോൺ. എസി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ചെക്കോണ്‍ സംഘാടകരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നാലെയാണ് താരം മത്സരശേഷം പാര്‍ക്കില്‍ കിടന്നുറങ്ങിയത്.
പാരിസ് നഗരത്തിൽ കൊടും ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഒളിംപിക് വില്ലേജിൽ വേണ്ടത്ര സൗകര്യങ്ങളില്ലെന്ന പരാതികൾ നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇറ്റാലിയന്‍ നീന്തല്‍ താരം തോമസ് ചെക്കോൺ പ്രതിഷേധവുമായി രംഗത്തെത്തിയത്. പുരുഷന്മാരുടെ ബാക്ക് സ്‌ട്രോക്കില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയ ചെക്കോണ്‍ 4-100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയില്‍ വെങ്കലവും സ്വന്തമാക്കിയിരുന്നു. 4-100 മീറ്റര്‍ മെഡ്‌ല റിലേയില്‍ പരാജയപ്പെട്ട ശേഷം താരം കിടന്നുറങ്ങിയത് സമീപത്തുള്ള പാര്‍ക്കിലെ മൈതാനത്താണ്.
അസഹനീയമായ ചൂടും ബഹളവുമാണ് ഇത്തരമൊരു പ്രവൃത്തിയിലേക്ക് നയിച്ചതെന്ന് താരം വ്യക്തമാക്കി. വില്ലേജില്‍ കായികതാരങ്ങൾക്ക് നൽകുന്ന ഭക്ഷണവും മോശമാണെന്നും അതിനാൽ പല താരങ്ങളും വില്ലേജിന് പുറത്താണ് താമസിക്കുന്നതെന്നും ചെക്കോണ്‍ അറിയിച്ചു. ചെക്കോൺ കിടന്നുറങ്ങുന്നതിൻ്റെ ചിത്രം സൗദി അറേബ്യന്‍ റോവിങ് താരം ഹസ്‌ലിന്‍ അലിരെസ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കിട്ടതോടെയാണ് സംഭവം വൈറലായത്.
പാരിസ് ഒളിംപിക്‌സ് സംഘാടകരുടെ തീരുമാനപ്രകാരം ഇത്തവണ ഗെയിംസ് വില്ലേജില്‍ കായിക താരങ്ങളുടെ മുറികളില്‍ എസി അനുവദിച്ചിരുന്നില്ല. കാര്‍ബണ്‍ ഫുട്പ്രിൻ്റ് തടയുന്നതിൻ്റെ ഭാഗമായി ചെലവ് ചുരുക്കലാണ് ഇതിനു കാരണമായി സംഘാടകര്‍ പറഞ്ഞത്. ചെക്കോണിന് പിൻന്തുണയുമായി മറ്റ് കായിക താരങ്ങളും രംഗത്ത് എത്തി.