
നിർണായകമായ സെമി ഫൈനലിൽ ജർമനിയോട് തോൽവി വഴങ്ങിയെങ്കിലും വെങ്കല മെഡൽ പ്രതീക്ഷയുമായി ഇന്ത്യൻ ഹോക്കി ടീം ഇന്ന് വീണ്ടും കളത്തിലേക്ക്. സ്പെയിനാണ് ഇന്ത്യയുടെ എതിരാളികൾ. വൈകിട്ട് 5.30നാണ് മത്സരം.
മലയാളി താരം പി.ആർ. ശ്രീജേഷിന് ഇന്ത്യൻ ജഴ്സിയിലെ അവസാന പോരാട്ടമാണ് ഇന്നത്തേത്. ഇന്ത്യൻ ഗോൾപോസ്റ്റിന് കീഴിൽ മിന്നുന്ന പ്രകടനമാണ് ശ്രീജേഷ് പുറത്തെടുക്കുന്നത്. പാരിസ് ഒളിംപിക്സോടെ ഇന്ത്യൻ ടീമിൽ നിന്ന് വിമരമിക്കുമെന്ന് ശ്രീജേഷ് നേരത്തെ പ്രഖ്യാപിച്ചിരുന്നതാണ്.
നേരത്തെ ബ്രിട്ടനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-2ന് തോൽപ്പിച്ചാണ് ഇന്ത്യ ഒളിംപിക്സ് സെമി ഫൈനലിലേക്ക് യോഗ്യത നേടിയത്. എന്നാൽ ജർമനിയോട് 3-2ന് പൊരുതി തോൽക്കുകയായിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് പുരുഷ ഹോക്കി ടീം സെമി ഫൈനൽ കളിക്കുന്നത്. കഴിഞ്ഞ തവണത്തെ വെങ്കല മെഡൽ ജേതാക്കളായ ഇന്ത്യക്ക് ഇക്കുറി, മെഡൽ നിലനിർത്താനാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
ക്യാപ്റ്റൻ ഹർമൻപ്രീത് സിംഗിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം ടൂർണമെൻ്റിലുടനീളം വീറുറ്റ പോരാട്ടമാണ് കാഴ്ചവെച്ചത്. ജർമനിയോട് ഒരു ഗോൾ വ്യത്യാസത്തിലാണ് ഇന്ത്യ പിന്നോട്ട് പോയത്.