
ഒമാനിൽ എണ്ണക്കപ്പൽ മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ ഒമ്പത് പേരെ രക്ഷപ്പെടുത്തി. എട്ട് ഇന്ത്യക്കാരും ഒരു ശ്രീലങ്കൻ സ്വദേശിയേയുമാണ് കണ്ടെത്തിയത്. ബാക്കിയുള്ള ഏഴ് പേർക്കായുള്ള തിരച്ചിൽ തുടരുകയാണ്. പതിനാറ് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.
ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എൻ.എസ് തേജ് ആണ് ജീവനക്കാരെ കണ്ടെത്തിയത്. ഐഎന്‍എസ് തേജും ദീര്‍ഘദൂരനിരീക്ഷണ വിമാനമായ പി–8i യേയും തിരച്ചിലിനായി കഴിഞ്ഞ ദിവസം തെരച്ചിലിനായി വിന്യസിച്ചിരുന്നു.
എംടി ഫാൽക്കൺ എന്ന എണ്ണക്കപ്പലാണ് കഴിഞ്ഞ ദിവസം അപകടത്തിൽ പെട്ടത്. ഒമാനിലെ ദുകം തുറമുഖത്തിനു സമീപം റാസ് മദ്രാക്കയിൽ നിന്ന് 25 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പൽ മറിയുകയായിരുന്നു. മൂന്ന് ശ്രീലങ്കൻ സ്വദേശികളും ബാക്കി ഇന്ത്യക്കാരുമാണ് കപ്പലിലുണ്ടായിരുന്നത്.
കാലാവസ്ഥ മോശമായത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കൂറ്റൻ തിരമാലകളും ശക്തമായ കാറ്റും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നതായി അധികൃതർ അറിയിച്ചു. യമനിലെ തുറമുഖ നഗരമായ ഏദനിലേക്ക് പുറപ്പെട്ട കപ്പലാണ് അപകടത്തിൽപെട്ടത്.