
തെരഞ്ഞടുപ്പ് ഫലപ്രഖ്യാപനത്തിൽ ജനവിധി എന്തു തന്നെയായാലും അത് അംഗീകരിക്കണമെന്നും, കുതന്ത്രങ്ങൾ മെനയരുതെന്നും നിർദേശിച്ച് ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. മാധ്യമങ്ങളെ കാണുന്നതിനിടെയാണ് ഒമർ അബ്ദുള്ള പ്രതികരിച്ചത്.
ഇപ്പോൾ പുറത്തുവരുന്ന കണക്കനുസരിച്ച് ജമ്മു കശ്മീരിൽ ഇന്ത്യ സഖ്യമാണ് മുന്നേറുന്നത്. അവർ കേവല ഭൂരിപക്ഷം ഉറപ്പിച്ചിട്ടുണ്ട്. നിലവിൽ 50 ഇടത്ത് കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം ലീഡ് നിലനിർത്തുകയാണ്. തൊട്ടുപിന്നാലെ 25 സീറ്റുകളിൽ ബിജെപിയുണ്ട്.
പത്ത് വർഷത്തിനിപ്പുറം തെരഞ്ഞെടുപ്പ് നടന്നപ്പോൾ കോൺഗ്രസ് – നാഷണൽ കോണ്‍ഫറൻസ് കൂട്ടുകെട്ടിലെ ഇന്ത്യ സഖ്യത്തിന് കശ്മീരിൽ നേരിയ മുൻതൂക്കം പ്രവചിക്കുന്നുണ്ട്. പിഡിപിക്ക് രണ്ടക്കത്തിൽ കൂടുതൽ സീറ്റ് പ്രവചിക്കുന്ന എക്സിറ്റ് പോളുകൾ വിരളമാണ്.
ഒരു പതിറ്റാണ്ടിന് ശേഷമാണ് ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കുന്നത്. പ്രത്യേക സംസ്ഥാന പദവി നല്‍കിയിരുന്ന അനുച്ഛേദം 370 നീക്കിയതിനുശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ് എന്ന പ്രത്യേകതയുമുണ്ട്.