
മലയാളി സമൂഹം കാത്തിരുന്ന ഓണക്കാലം ഇങ്ങെത്തി കഴിഞ്ഞു. ഓണപ്പാട്ടുകളും കളികളും ഓണസദ്യയും എല്ലാം ഒത്തുചേരുന്ന ഒരു ഓണക്കാലം. ഓണക്കാലത്തെ പ്രധാന വിശ്വാസങ്ങളിൽ ഒന്നാണ് ഓണത്തപ്പൻ.
ചിലയിടങ്ങളിൽ തൃക്കാക്കരയപ്പൻ, മാവേലി എന്ന പേരുകളിൽ അറിയപ്പെടുമ്പോൾ പാലക്കാട് അത് മാദേവർ എന്ന പേരിലാണ് അറിയപ്പെടുന്നത്. പാലക്കാട് പല്ലശ്ശേനിയിൽ മാദേവരെ നിർമ്മിക്കുന്നത് കൈത്തൊഴിലാക്കിയവരുമുണ്ട്.
മലയാളികൾക്ക് ഓണം ഒരു ആഘോഷം മാത്രമല്ല, വിശ്വാസം കൂടെയാണ്. ഓണത്തെ സംബന്ധിച്ചുള്ള ചില ഐതിഹ്യങ്ങൾ തന്നെ ആണ് അതിനു പ്രധാന കാരണം. ആ ഐതിഹ്യത്തിൻ്റെയും വിശ്വാസത്തിൻ്റെയും ഭാഗമാണ് ഓണത്തപ്പനും. ഉത്രാടം മുതൽ അവിട്ടത്തിലെ വാവ് കഴിയുന്നത് വരെ മാദേവർ എന്ന് വിളിക്കുന്ന ഓണത്തപ്പൻ വീടുകളിൽ ഉണ്ടാകും എന്നാണ് വിശ്വാസം.
പാലക്കാട് ജില്ലയിലെ വിവിധയിടങ്ങളിലേക്ക് മാദേവരെ നിർമ്മിച്ചു നൽകുന്നത് പല്ലശ്ശേനി കണ്ണന്നൂർ പാടത്താണ്. ഇവർക്ക് അത് കുലത്തൊഴിലാണ്. വർഷങ്ങളായി ചെയ്തു വരുന്ന കുലത്തൊഴിലാണെങ്കിലും ഇവർ നേരിടുന്ന പ്രതിസന്ധികൾ ഏറെയാണ്.