ജാർഖണ്ഡിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ബുധനാഴ്ച; ഖനി-വനമേഖലയിൽ ശ്രദ്ധയൂന്നി ബിജെപിയും ആർഎസ്എസും

ലോക് ജാഗരൺ മഞ്ചും വനവാസി കല്യാൺ കേഡർമാരും ബിജെപിക്കായി ഗോത്രമേഖലയിൽ പ്രവർത്തിക്കുന്നു
ജാർഖണ്ഡിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് ബുധനാഴ്ച; ഖനി-വനമേഖലയിൽ ശ്രദ്ധയൂന്നി ബിജെപിയും ആർഎസ്എസും
Published on

ജാർഖണ്ഡിൽ ആദിവാസി മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ഒരു മാസത്തെ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം. ലോക് ജാഗരൺ മഞ്ചും വനവാസി കല്യാൺ കേഡർമാരും ബിജെപിക്കായി ഗോത്രമേഖലയിൽ പ്രവർത്തിച്ചുവരികയാണ്. വന-ഖനി മേഖലകളിലെ ജെഎംഎം അടിത്തറ ഇത്തവണ പൊളിക്കാനാണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്.

ജാർഖണ്ഡിൽ വോട്ടർമാരെ ബോധവത്കരിക്കാനായി ആർഎസ്എസ് രൂപീകരിച്ച സംഘടനയാണ് ലോക് ജാഗരൺ മഞ്ച്. സംഘടനാ ഭാരവാഹികൾ ഇപ്പോൾ ലഘുലേഖകൾ അച്ചടിച്ച് വിതരണം ചെയ്യുന്ന തിരക്കിലാണ്. ആർഎസ്എസ് അനുബന്ധ സംഘടനയായ വനവാസി കല്യാൺ കേന്ദ്രയുടെ പ്രവർത്തകർക്കൊപ്പം, ലഘുലേഖകളുമായി വീടു വീടാന്തരം അവർ കയറിയിറങ്ങുന്നു. ദക്ഷിണ ജാർഖണ്ഡിലെ സർന വിഭാഗത്തിന് ആധിപത്യമുള്ള ജില്ലകളിൽ ബിജെപിക്ക് വേണ്ടി വോട്ട് അഭ്യർഥിക്കുകയാണ് ഇവർ.

ലഘുലേഖകളിൽ വോട്ട് ചെയ്യേണ്ട പാർട്ടിയുടെ പേര് പരാമർശിച്ചിട്ടില്ല. പകരം ചില വിശേഷണങ്ങൾ മാത്രം. നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയാൻ പൗരത്വ രജിസ്ട്രേഷൻ വാഗ്ദാനം ചെയ്യുന്ന പാർട്ടി ഏതെന്ന് തിരിച്ചറിയണം, ലൗ ജിഹാദിന് പിന്നിലുള്ളവരെ ശിക്ഷിക്കുന്ന പാർട്ടിയാണിത്, ഇന്ത്യൻ സംസ്കാരത്തെയും മതത്തെയും ബഹുമാനിക്കുന്നവരാണ് ഞങ്ങൾ, മത-സാംസ്കാരിക ഇടങ്ങളെ എക്കാലവും സംരക്ഷിക്കും, മതപരിവർത്തനത്തിനും ഗോഹത്യക്കും എതിരായാണ് വോട്ട് ചെയ്യേണ്ടത് എന്നിങ്ങനെയാണ് ലഘുലേഖയിലെ പരാമർശങ്ങൾ.

ബിജെപി പ്രകടനപത്രികയിൽ പൗരത്വ പ്രശ്നം, ലവ് ജിഹാദ് എന്നിവയെക്കുറിച്ച് നേരിട്ട് പരാമർശിക്കുന്നില്ലെങ്കിലും ബിജെപി നേതാക്കൾ പ്രചരണരംഗത്ത് ചർച്ച ചെയ്യുന്ന വിഷയങ്ങളെല്ലാം ഈ ലഘുലേഖയിലുണ്ട്. ജാർഖണ്ഡിലെ 28 എസ്ടി സംവരണ സീറ്റുകളിൽ 14 എണ്ണം ദക്ഷിണ മേഖലയിലെ അഞ്ച് ജില്ലകളിലാണ്. ഇതിൽ ഏകദേശം 73% സർന വിഭാഗക്കാരാണുള്ളത്. ഈ 14 സീറ്റുകളിൽ 2019ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജെഎംഎമ്മും കോൺഗ്രസും 12 സീറ്റുകൾ നേടിയിരുന്നു. ഖുന്തി ജില്ലയിലെ രണ്ട് സീറ്റുകളിൽ മാത്രമാണ് ബിജെപി വിജയിച്ചത്. ഈ മേഖലയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ബിജെപിയുടെ അവസാന ശ്രമമാണ് ഇപ്പോൾ നടക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com