'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നത് ഇന്ത്യയുടെ നാനാത്വത്തിനും ഫെഡറലിസത്തിനുമെതിര്: രമേശ് ചെന്നിത്തല

ദേശീയ വിഷയങ്ങള്‍ പോലെ തന്നെ പ്രാദേശികമായ വിഷയങ്ങള്‍ക്കും പ്രാധാന്യം ലഭിക്കണമെങ്കില്‍ രണ്ടു തെരഞ്ഞെടുപ്പുകളും വെവ്വേറെ തന്നെ നടത്തേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
'ഒരു  രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നത് ഇന്ത്യയുടെ നാനാത്വത്തിനും ഫെഡറലിസത്തിനുമെതിര്: രമേശ് ചെന്നിത്തല
Published on

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നത് ഇന്ത്യയുടെ നാനാത്വത്തിനും ഫെഡറലിസത്തിനുമെതിരാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. കേന്ദ്ര തെരഞ്ഞെടുപ്പും സംസ്ഥാന തെരഞ്ഞെടുപ്പുകളും വ്യത്യസ്തമായ തലങ്ങളിലാണ് നടക്കേണ്ടത്. കേന്ദ്രത്തിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വിഷയങ്ങളല്ല സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍. ദേശീയ വിഷയങ്ങള്‍ പോലെ തന്നെ പ്രാദേശികമായ വിഷയങ്ങള്‍ക്കും പ്രാധാന്യം ലഭിക്കണമെങ്കില്‍ രണ്ടു തെരഞ്ഞെടുപ്പുകളും വെവ്വേറെ തന്നെ നടത്തേണ്ടി വരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇത് കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ കക്ഷികള്‍ക്ക് അനാവശ്യമായ നേട്ടം ഉണ്ടാകാനുളള ഗൂഢ പദ്ധതി മാത്രമാണ്. ഇതു നടപ്പാക്കുകയെന്നാല്‍ ജനാധിപത്യവിരുദ്ധമായി നിരവധി സംസ്ഥാന നിയമസഭകള്‍ പിരിച്ചു വിടുകയെന്നതാണെന്നും ഇതൊക്കെ രാജ്യത്തെ നീറുന്ന പ്രശ്നങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിച്ചു വിടാനുള്ള ഗൂഢപദ്ധതിയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.


മുന്‍കാലങ്ങളിലും ജനശ്രദ്ധ തിരിച്ചു വിടാന്‍ ഇതുപോലെ നിരവധി പരിപാടികള്‍ ബിജെപി കൊണ്ടുവന്നിട്ടുണ്ട്. ഈ നിയമം നടപ്പാക്കണമെങ്കില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും മൂന്നില്‍ രണ്ടു ഭൂരിപക്ഷം വേണം. ഒറ്റയ്ക്കു ഭരിക്കാന്‍ പോലും ആള്‍ ബലമില്ലാത്ത ബിജെപി കാബിനറ്റ് ഇതുപോലെ നാടകങ്ങള്‍ കാണിക്കുന്നത് ഭരണ പരാജയത്തില്‍ നിന്നും ജനശ്രദ്ധ മാറ്റാനാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശയ്ക്കാണ് കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നല്‍കിയത്. വരുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇതു സംബന്ധിച്ച ബില്ലിന്റെ കരട് അവതരിപ്പിച്ചേക്കും. പ്രതിപക്ഷത്തിന്റെ എതിര്‍പ്പുകള്‍ക്കിടെയാണ് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം.

രാംനാഥ് കോവിന്ദ് അധ്യക്ഷനായ സമിതി 2029 മുതലാണ് ലോക്സഭ, സംസ്ഥാന നിയമസഭകള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലേക്ക്, ഒരേസമയം തെരഞ്ഞെടുപ്പ് നടത്താന്‍ നിര്‍ദേശിച്ചത്. കേന്ദ്രമന്ത്രിസഭാ ശുപാർശ അംഗീകരിച്ചതോടെ രാജ്യത്തെ എല്ലാ തെരഞ്ഞെടുപ്പും ഒരുമിച്ചാകും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com