
ഐഎസ്ആര്‍ഒയുടെ മനുഷ്യരെ വഹിച്ചുകൊണ്ടുള്ള ആദ്യ ബഹിരാകാശ യാത്രയായ ഗഗന്‍യാനിന് വേണ്ടി തെരഞ്ഞെടുത്ത ഒരാളെ അടുത്തമാസം ബഹിരാകാശ നിലയത്തിലേക്ക് അയക്കും. പരിശീലനം നല്‍കിയ നാലുപേരില്‍ ഒരാളെയാണ് ദൗത്യത്തിനായി അയക്കുകയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. ലോക്സഭയില്‍ കഴിഞ്ഞ ദിവസമാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
ഐഎസ്ആര്‍ഒ, നാസ, നാസ അംഗീകരിച്ച സ്വകാര്യ ഏജന്‍സിയായ ആക്സിയം എന്നിവര്‍ ചേര്‍ന്ന് നടത്തുന്ന സംയുക്ത ദൗത്യമായ ഗഗന്‍യാന്‍ പദ്ധതിക്കായി ഇന്ത്യന്‍ വ്യോമസേനയില്‍ നിന്ന് നാല് പൈലറ്റുമാരെയാണ് തെരഞ്ഞെടുത്തിരുന്നത്. നിലവില്‍ ഇവര്‍ ബംഗളൂരുവിലെ ഐഎസ്ആര്‍ഒ കേന്ദ്രത്തില്‍ പരിശീലനത്തിലാണ്. ഗഗന്‍യാത്രി എന്ന് വിശേഷിപ്പിക്കുന്ന ഒരു ബഹിരാകാശ സഞ്ചാരിയെയാണ് ഐഎസ്എസ് കേന്ദ്രത്തിലേക്ക് അയക്കുന്നത് എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഐഎസ്ആര്‍ഒയും സംയുക്തമായാണ് അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നത്. അടുത്ത മാസം ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് ഗഗന്‍യാന്റെ വിക്ഷേപണം നടത്തുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേയ്ക്കുള്ള നാലാമത്തെ ബഹിരാകാശ ദൗത്യമാണ് ഇതെന്നും നാസ അറിയിച്ചു.