
പാലക്കാട് കുമരംപുത്തൂർ അക്കിപ്പാടത്ത് കാട്ടുപന്നി ആക്രമണത്തിൽ മത്സ്യ വ്യാപാരിയ്ക്ക് പരിക്കേറ്റു. കുമരംപുത്തൂർ സ്വദേശി ഉദയകുമാറിനാണു പരിക്കേറ്റത്. പുലർച്ചെ മീൻ എടുക്കാൻ മാർക്കറ്റിലേക്കു പോകുന്നതിനിടെയാണ് സംഭവം. ഉദയകുമാർ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാട്ടുപന്നി ഇടിക്കുകയായിരുന്നു. വീഴ്ചയിൽ തോളെല്ല് പൊട്ടുകയും ദേഹമാകെ മുറവേൽക്കുകയും ചെയ്തു. അക്കിപ്പാടം ഭാഗത്ത് നടക്കുന്ന മൂന്നാമത്തെ കാട്ടുപന്നി ആക്രമണമാണിതെന്നാണ് നാട്ടുകാർ പറയുന്നത്.
അതേസമയം, ജില്ലയിലെ ചാലിശ്ശേരിയിൽ തെരുവുനായ ആക്രമണം. ചാലിശ്ശേരി അകിലാണത്താണ് എട്ടു പേരെ തെരുവ് നായ ആക്രമിച്ചത്. ഇന്ന് രാവിലെയാണ് അകിലാണത്തെ വിവിധയിടങ്ങളിൽ തെരുവ് നായയുടെ ആക്രമണമുണ്ടായത്. കടിയേറ്റവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നായയുടെ ആക്രമണത്തിൽ കാലിനും, തുടയെല്ലിനും, നെഞ്ചിനും, മുഖത്തും ഗുരതരമായ പരിക്കേറ്റതായി ബന്ധുക്കൾ പറഞ്ഞു. പേ ബാധിച്ച നായയാണ് കടിച്ചതെന്നാണ് പ്രദേശവാസികൾ പറയുന്നത്. അഞ്ച് ദിവസങ്ങൾക്ക് മുമ്പ് മതുപ്പുള്ളി സ്വദേശി സുലൈമാനെ നായ കടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഒരാഴ്ച മുൻപ് ഈ പ്രദേശത്ത് പേ ഇളകിയ നായ കടിച്ച് ഒരു വളർത്തു പശു ചത്തിരുന്നു.