
ബിഹാറിൽ കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. കേന്ദ്രമന്ത്രി നിത്യാനന്ദ് റായിയുടെ അനന്തരവൻമാർ തമ്മിലാണ് വെടി ഉതിർത്തത്. വെടിവെപ്പിൽ വിശ്വജിത്ത് കൊല്ലപ്പെട്ടു. ഗുരുതര പരിക്കേറ്റ സഹോദരൻ ജയ്‌ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മന്ത്രിയുടെ ഭാര്യാ സഹോദരന്‍ രഘുനന്ദന്‍ യാദവിന്റെ ജഗത്പൂരിലെ വസതിയില്‍ വ്യാഴാഴ്ച രാവിലെയോടെയാണ് സംഭവം നടന്നത്. ഗൽപൂരിലെ നൗഗച്ചിയയിലെ ജഗത്പൂർ ഗ്രാമത്തിലെ വസതിയിൽ പൈപ്പ് വെള്ളത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് വെടിവയ്പ്പിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
സംഘർഷത്തിൽ അവരുടെ അമ്മയ്ക്കും വെടിയേറ്റിറ്റുണ്ടെന്നാണ് റിപ്പോർട്ട്. കുടിവെള്ള ടാപ്പിനെ തുടർന്നുണ്ടായ തർക്കം മൂർച്ചിക്കുകയും പിന്നാലെ ഇരുവരും വെടിയുതിർക്കുകയുമായിരുന്നു. ഇന്ന് പുലർച്ചെയോടെ വിശ്വജിത്തിൻ്റെയും ജയജിത്തിൻ്റെയും ഭാര്യമാർ തമ്മിൽ സപ്ലൈ ടാപ്പിൽ നിന്ന് വെള്ളം എടുക്കുന്നതിനെ ച്ചൊല്ലി തർക്കമുണ്ടായതായി പർബട്ട എസ്എച്ച്ഒ ശംഭു പാസ്വാൻ പറഞ്ഞു.
വെള്ളം എടുക്കാൻ ശ്രമിക്കുന്നതിനിടെ ജയജിത്ത് വിശ്വജിത്തിനെ എതിർത്തുകയും, ടാപ്പ് തൻ്റേതാണെന്ന് വാദിക്കുകയും ചെയ്തു. ഫോറൻസിക് സംഘം സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു. ജയജിത്തിൻ്റെ ക്രിമിനൽ പശ്ചാത്തലം പരിശോധിച്ചു വരികയാണ്. സഹോദരന്മാർ ഒരേ വീട്ടിലാണ് താമസിച്ചിരുന്നെങ്കിലും ഇവർ തമ്മിൽ ദീർഘകാല തർക്കമുണ്ടായിരുന്നതായി നാട്ടുകാർ ചൂണ്ടിക്കാട്ടി.