
റഷ്യയിലെ മോസ്കോയിൽ വെച്ചുണ്ടായ യുക്രെയ്ൻ്റെ ഡ്രോൺ ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതായും മൂന്നോളം പേർക്ക് പരുക്ക് പറ്റിയതായും റിപ്പോർട്ട്. രാജ്യത്തുടനീളം 144 യുക്രേനിയൻ ഡ്രോണുകൾ ഒറ്റ രാത്രികൊണ്ട് വെടിവെച്ചിട്ടതായി റഷ്യൻ ഉദ്യോഗസ്ഥർ പറയുന്നു. മോസ്‌കോ മേഖലയിലെ റാമെൻസ്‌കോയിൽ രണ്ട് ബഹുനില അപ്പാർട്ട്‌മെൻ്റ് കെട്ടിടങ്ങളിലെ നിരവധി ഫ്‌ളാറ്റുകൾ അഗ്നിക്കിരയായതായി മോസ്‌കോ ഗവർണർ ആന്ദ്രേ വോറോബിയോവ് പറഞ്ഞു.
43 പേരെ താൽക്കാലിക താമസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചതായും വോറോബിയോവ് പറഞ്ഞു. എന്നാൽ ആക്രമണത്തെക്കുറിച്ച് യുക്രെയ്ൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. റഷ്യയുടെ വ്യോമ പ്രതിരോധം തടഞ്ഞ 144 ഡ്രോണുകളിൽ പകുതിയും പടിഞ്ഞാറൻ അതിർത്തി പ്രദേശമായ ബ്രയാൻസ്കിലും 20 എണ്ണം മോസ്കോയിലും 14 എണ്ണം കുർസ്ക് മേഖലയിലുമാണെന്ന് ചൊവ്വാഴ്ച റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മോസ്കോയിലെ നാല് വിമാനത്താവളങ്ങൾ അടച്ചുപൂട്ടിയതായും റഷ്യൻ തലസ്ഥാനത്തേക്ക് സർവീസ് നടത്തുന്ന 30-ലധികം ആഭ്യന്തര, അന്തർദേശീയ വിമാനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായും സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. ഡൊമോഡെഡോവോ, സുക്കോവ്സ്കി, വ്നുക്കോവോ എന്നീ മൂന്ന് വിമാനത്താവളങ്ങൾ പ്രവർത്തനം പുനരാരംഭിച്ചതായി റഷ്യയുടെ വ്യോമയാന അതോറിറ്റി റോസാവിയാറ്റ്സിയ സ്ഥിരീകരിച്ചു.