കൈവെട്ട് കേസ്: മുഖ്യപ്രതി സവാദിന് ഒളിത്താവളം ഒരുക്കിയ ആള്‍ അറസ്റ്റില്‍

കഴിഞ്ഞ ദിവസമാണ് ഷഫീറിനെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തത്
കൈവെട്ട് കേസ്: മുഖ്യപ്രതി സവാദിന് ഒളിത്താവളം ഒരുക്കിയ ആള്‍ അറസ്റ്റില്‍
Published on

കൈവെട്ട് കേസില്‍ ഒരാളെ കൂടി അന്വേഷണ ഏജന്‍സിയായ എന്‍ഐഎ അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ഇരിട്ടി വിളക്കോട് സ്വദേശി സി. ഷഫീര്‍ ആണ് അറസ്റ്റിലായത്. കേസിലെ മുഖ്യപ്രതിയായ സവാദിന് ഒളിത്താവളം ഒരുക്കിയത് ഷഫീര്‍ ആണെന്നാണ് എന്‍എഎ വ്യക്തമാക്കുന്നത്. നിരോധിത സംഘടനയായ പിഎഫ്‌ഐ അംഗമാണ് ഷഫീര്‍ എന്നും അന്വേഷണ ഏജന്‍സിയുടെ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമാണ് ഷഫീറിനെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തത്. തലശ്ശേരി കോടതി പരിസരത്ത് നിന്നാണ് പിടികൂടിയത്. പ്രൊഫ. ടി.ജെ ജോസഫിനെ ആക്രമിച്ചതിനു ശേഷം ഒളിവില്‍ പോയ സവാദിന് സൗകര്യങ്ങള്‍ ഒരുക്കിയത് ഷഫീര്‍ ആയിരുന്നു. പിഎഫ്‌ഐ നടത്തിയ പല അക്രമത്തിലും ഷഫീറിന് പങ്കുണ്ടെന്നും എന്‍ഐഎ പറയുന്നു.

2024 ജനുവരിയിലാണ് കേസിലെ മുഖ്യപ്രതിയായ സവാദിനെ എന്‍ഐഎ പിടികൂടിയത്. ആക്രമണം നടന്ന് 13 വര്‍ഷത്തിനു ശേഷമായിരുന്നു അറസ്റ്റ്. 2010 ജുലൈ നാലിനാണ് തൊടുപുഴ ന്യൂമാന്‍ കോളേജിലെ മലയാളം അധ്യാപകനായിരുന്ന ടി.ജെ ജോസഫിന്റെ വലതു കൈപ്പത്തി പിഎഫ്‌ഐ പ്രവര്‍ത്തകര്‍ വെട്ടിയത്. അധ്യാപകന്‍ തയ്യാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചകനിന്ദയുണ്ടെന്ന് ആരോപിച്ചായിരുന്നു ആക്രമണം.


ആക്രമണം ആസൂത്രണം ചെയ്ത കുഞ്ഞുണ്ണിക്കര എം.കെ നാസര്‍, അക്രമി സംഘത്തിന് നേതൃത്വം നല്‍കിയ അശമന്നൂര്‍ സവാദ് എന്നിവരാണ് കേസിലെ മുഖ്യപ്രതികള്‍. ഒളിവില്‍ കഴിയുന്ന സമയത്ത് സവാദിന് പ്രാദേശിക സഹായം ലഭിച്ചിരുന്നതായി എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഷഫീറിനെ കസ്റ്റഡിയിലെടുത്തത്.

മട്ടന്നൂരില്‍ ഒളിവില്‍ കഴിയുന്നതിനു മുമ്പ് സവാദ് വിളക്കോടായിരുന്നു താമസിച്ചത്. ഇവിടെ വാടക വീട് ഏര്‍പ്പാടാക്കിയത് ഷഫീറാണെന്നാണ് കണ്ടെത്തല്‍. സവാദിനെ അറസ്റ്റ് ചെയ്ത് ഏഴ് മാസത്തിനു ശേഷമാണ് വീണ്ടുമൊരു അറസ്റ്റുണ്ടായത്.

കഴിഞ്ഞ വര്‍ഷം ജൂലൈ 13ന് കേസിലെ മറ്റു പ്രതികള്‍ക്ക് കോടതി ശിക്ഷ വിധിച്ചിരുന്നു. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് പേര്‍ക്കാണ് അന്ന് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com