
കോട്ടയം നഗരസഭ പെൻഷൻ ഫണ്ട് തട്ടിപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. പ്രതി അഖിൽ സി വർഗീസിനെ ഒളിവിൽ കഴിയാൻ സഹായിച്ച വ്യക്തിയെയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. കൊല്ലം കരിക്കോട് സ്വദേശി ശ്യാം കുമാർ എസ് ആണ് അറസ്റ്റിലായത്. പ്രതി അഖിലിന്റെ ബന്ധു കൂടിയാണ് ശ്യാം കുമാർ. ഇയാൾ തന്റെ ആധാർ കാർഡ് ഉപയോഗിച്ച് അഖിലിന് പുതിയ സിം കാര്‍ഡ് എടുത്തു നൽകുകയും, ഒളിവിൽ താമസിക്കുന്നതിന് വേണ്ട സൗകര്യങ്ങൾ ചെയ്തു നൽകിയതായും അന്വേഷണസംഘം കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഫണ്ട് തട്ടിപ്പ് കേസ് വിജിലൻസിന് കൈമാറാൻ നീക്കമെന്ന് കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നിരുന്നു. ക്രൈംബ്രാഞ്ചിനും പ്രതിയെ പിടികൂടാൻ സാധിക്കാത്ത സാഹചര്യത്തിൽ കേസ് വിജിലൻസിന് കൈമാറണമെന്നവശ്യപ്പെട്ട് ജില്ലാ പൊലീസ് സംഘം ഡിജിപിക്ക് കത്ത് നൽകിയിരുന്നു. തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ നാട് വിട്ട പ്രതി അഖിൽ സി വർഗീസ് ഇപ്പോഴും ഒളിവിലാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ പ്രതിയായ കേസുകളുടെ അന്വേഷണ ചുമതല വിജിലന്‍സിനാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് അഴിമതി നിരോധന നിയമ പ്രകാരം നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം റിപ്പോര്‍ട്ടു നല്‍കിയത്. എന്നാല്‍, വിജിലന്‍സിനു കേസ് കൈമാറാൻ ഡിജിപി ഇതുവരെ ഉത്തരവിറക്കിയിട്ടില്ല.
READ MORE: കോട്ടയം നഗരസഭയിലെ സാമ്പത്തിക തട്ടിപ്പ്: ഓഡിറ്റ് വിഭാഗം പരിശോധന നടത്തി