മണിപ്പൂരിൽ ബസ് സർവീസ് തുടങ്ങിയതിന് പിന്നാലെ വ്യാപക പ്രതിഷേധം; സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു

മണിപ്പൂരിൽ ബസ് സർവീസ് തുടങ്ങിയതിന് പിന്നാലെ വ്യാപക പ്രതിഷേധം; സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു

അക്രമികളിൽ ചിലർ പൊലീസിന് നേർക്ക് വെടിയുതിർത്തിരുന്നു. ഇതിന് മറുപടിയായി നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്.
Published on


മണിപ്പൂരിൻ്റെ തലസ്ഥാനമായ ഇംഫാലിൽ നിന്ന് മറ്റു ജില്ലകളിലേക്ക് ബസ് സർവീസ് ആരംഭിച്ചതിന് പിന്നാലെ പ്രതിഷേധങ്ങളും ശക്തം. സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കുക്കി വിഭാഗക്കാരനായ ഒരു പ്രതിഷേധക്കാരൻ കൊല്ലപ്പെട്ടിട്ടുണ്ട്. പ്രതിഷേധ സൂചകമായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ കുക്കി വിഭാഗക്കാർ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. 

രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയതിന് പിന്നാലെ മണിപ്പൂരിൽ ശനിയാഴ്ചയാണ് ബസ് ഗതാഗതം ആരംഭിക്കുന്നത്. അക്രമികളിൽ ചിലർ പൊലീസിന് നേർക്ക് വെടിയുതിർത്തിരുന്നു. ഇതിന് മറുപടിയായി നടത്തിയ പ്രത്യാക്രമണത്തിലാണ് ഒരാൾ കൊല്ലപ്പെട്ടത്.



ഇംഫാലിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള കാങ്‌പോക്പിയിലേക്ക് സുരക്ഷാ അകമ്പടിയോടെ പോയ ബസുകൾ വനിതാ പ്രതിഷേധക്കാർ തടഞ്ഞിരുന്നു. ജനക്കൂട്ടം വാഹനങ്ങൾ കടന്നുപോകാൻ വിസമ്മതിച്ചതോടെ സുരക്ഷാ സേന കണ്ണീർ വാതകം പ്രയോഗിക്കുകയും ലാത്തിചാർജ് നടത്തുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിൽ 16 പ്രതിഷേധക്കാർക്ക് പരിക്കേറ്റതായി പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.



പിന്നാലെ ജനക്കൂട്ടത്തിൻ്റെ എണ്ണം വർധിച്ചുവെന്നും ചിലർ ബസുകൾക്കും അകമ്പടി വാഹനങ്ങൾക്കും നേരെ കല്ലെറിയാൻ തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. കാങ്‌പോക്പിയിലെ പ്രതിഷേധക്കാർ ചില വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ഒരു വാഹനം തീയിടുകയും ചെയ്തതായി പൊലീസുകാർ അറിയിച്ചു. ഈ അക്രമങ്ങളിൽ 27 സുരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് പ്രസ്താവനയിൽ പറഞ്ഞു.

News Malayalam 24x7
newsmalayalam.com