നാല് പേരുടെ ജീവനെടുത്ത കുസാറ്റ് അപകടത്തിന് ഒരു വര്‍ഷം; കടലാസിലൊതുങ്ങി തുടര്‍ നടപടികള്‍

നാല് പേരുടെ ജീവനെടുത്ത കുസാറ്റ് അപകടത്തിന് ഒരു വര്‍ഷം; കടലാസിലൊതുങ്ങി തുടര്‍ നടപടികള്‍
Published on

നാലുപേരുടെ മരണത്തിന് ഇടയാക്കിയ കുസാറ്റ് ദുരന്തത്തിന് ഇന്ന് ഒരു വര്‍ഷം. പ്രഹസനം എന്നോണം അന്വേഷണം നടന്നതല്ലാതെ ഇതുവരെയും കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് കഴിഞ്ഞിട്ടില്ല. അപകടം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും ആള്‍ക്കൂട്ടം നിയന്ത്രണത്തില്‍ കൃത്യമായ മാര്‍ഗനിര്‍ദ്ദേശം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല.


ഏറെക്കാലം കഴിഞ്ഞാണ് ഓപ്പണിങ് സ്റ്റേജ് കുസാറ്റ് പുതുക്കിപ്പണിതത്. ഒരു വര്‍ഷം മുന്‍പാണ് കുസാറ്റിലെ സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ദക്ഷിണ എന്ന പേരില്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ബോളിവുഡ് കായിക നികിത ഗാന്ധിയുടെ സംഗീത പരിപാടി തുടങ്ങുന്നതിന് മുന്‍പേ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചെത്തിയ കുട്ടികളുടെ തിരക്ക് നിയന്ത്രിക്കാന്‍ ആകാതെ വന്നു. അശാസ്ത്രീയ നിര്‍മ്മാണം എന്ന് പലരും മുദ്രകുത്തിയ കുസാറ്റിലെ ഓപ്പണ്‍ സ്റ്റേജില്‍ ഉള്‍ക്കൊള്ളാന്‍ ആവുന്നതിലും അധികമായിരുന്നു അന്നത്തെ തിരക്ക്.


എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ അതുല്‍ തമ്പി, ആന്‍ റിഫ്താ റോയ്, സാറാ തോമസ് എന്നിവരും പാലക്കാട് സ്വദേശി ആല്‍ബിന്‍ ജോസഫിനുമാണ് അന്ന് ജീവന്‍ നഷ്ടമായത്. ദുരന്ത ദിവസത്തിന്റെ നടുക്കം ഇപ്പോഴും വിദ്യാര്‍ഥികളില്‍ നിന്നും വിട്ടു മാറിയിട്ടില്ല.


ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, സര്‍വകലാശാല സിന്‍ഡിക്കേറ്റ്, പോലീസ്, എന്നിങ്ങനെ വിവിധ തലങ്ങളില്‍ അന്വേഷണം ഉണ്ടായി. പരസ്പരം പഴിചാരലും കൈമലര്‍ത്തലും മാത്രമാണ് അന്വേഷണത്തിന് ഒടുവില്‍ കണ്ടത്. മരിച്ച കുട്ടികളുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ വീതം ധനസഹായം നല്‍കി. എന്നാല്‍ അതിനപ്പുറത്തേക്ക് ഒന്നും ചെയ്യാനോ കുറ്റക്കാരെ ശിക്ഷിക്കാനോ ഇതുവരെയും അന്വേഷണം നടത്തിയവര്‍ക്കോ അതിന് ഉത്തരവ് നല്‍കിയവര്‍ക്കോ കഴിഞ്ഞിട്ടില്ല.


ഒരുപാട് സ്വപ്നങ്ങള്‍ കണ്ട് ഒരു കുടുംബത്തിന്റെ പ്രതീക്ഷ ആകേണ്ടിയിരുന്ന നാല് ജീവനുകളാണ് അന്ന് ദുരന്തത്തില്‍ നഷ്ടമായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com