കുട്ടി ദുഷ്ടാത്മാവിന്റെ സ്വാധീനത്തിലെന്ന് വിശ്വാസം; ഒഡീഷയിൽ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പെള്ളിച്ചത് 40 തവണ

പനി മാറാൻ കൂടി വേണ്ടിയാണ് കുടുംബം ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പച്ചക്കുത്തുന്നത്
കുട്ടി ദുഷ്ടാത്മാവിന്റെ സ്വാധീനത്തിലെന്ന് വിശ്വാസം; ഒഡീഷയിൽ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പെള്ളിച്ചത് 40 തവണ
Published on

രോഗം ഭേദമാക്കാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് 40 തവണ പെള്ളിച്ചു. ഒഡീഷയിലെ നബരംഗ്പൂർ ജില്ലയിലാണ് സംഭവം. പൊള്ളലേറ്റ കുട്ടിയെ ഉമർകോട്ട് സബ് ഡിവിഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ അറിയിച്ചു.

നബരംഗ്പൂർ ജില്ലയിലെ ചന്ദഹണ്ടി ബ്ലോക്കിലെ ഫുണ്ടൽപാഡ ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ വയറ്റിലും തലയിലും ഏകദേശം 30 മുതൽ 40 വരെ പൊള്ളലേറ്റതിൻ്റെ പാടുകൾ ഉണ്ട്. കുട്ടിക്ക് പത്ത് ദിവസം മുമ്പ് പനി ഉണ്ടായിരുന്നു. ഇത് മാറാൻ വേണ്ടിയാണ് കുടുംബം ചൂടുള്ള ഇരുമ്പ് ദണ്ഡ് കൊണ്ട് പച്ചക്കുത്തുന്നത്. ഇങ്ങനെ ചെയ്താൽ കുട്ടിയുടെ രോഗങ്ങൾ ഭേദമാകുമെന്നും, കുട്ടിയെ സ്വാധീനിക്കുന്ന ദുഷ്ടാത്മാവ് ഒഴിഞ്ഞുപോകുമെന്നുമുള്ള അന്ധവിശ്വാസമാണ് ഇതിനുകാരണം.

പച്ചക്കുത്തിയതിന് ശേഷം കുട്ടിയുടെ ആരോ​ഗ്യനില മോശമായതോടെയാണ് ഉമർകോട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും നബരംഗ്പൂർ ചീഫ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ് കുമാർ പാണ്ട പറഞ്ഞു.

വളരെക്കാലമായി ഈ പ്രദേശങ്ങളിൽ ഇത്തരം ദുരാചാരങ്ങൾ നടക്കുന്നുണ്ടെന്നും മെഡിക്കൽ ഓഫീസർ പറഞ്ഞു. കുട്ടികളെ ചൂടുള്ള ലോഹം കൊണ്ട് പച്ചക്കുത്തുന്നതിന് പകരം ചികിത്സയ്ക്കായി ആശുപത്രികളിൽ എത്തിക്കുന്നതിന് ചന്ദഹണ്ടി ബ്ലോക്കിലെ ജനങ്ങൾക്ക് ബോധവത്കരണം നൽകാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com