സഹോദരിയെ അപമാനിച്ചിട്ടില്ല, എംഎൽഎയെ ആരോ തെറ്റിധരിപ്പിച്ചു; മുഹമ്മദ് മുഹ്സിന് മറുപടിയുമായി പഞ്ചായത്ത് സെക്രട്ടറി

സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കുമെന്നായിരുന്നു  മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ഭീഷണി
സഹോദരിയെ അപമാനിച്ചിട്ടില്ല, എംഎൽഎയെ ആരോ തെറ്റിധരിപ്പിച്ചു; മുഹമ്മദ് മുഹ്സിന് മറുപടിയുമായി പഞ്ചായത്ത് സെക്രട്ടറി
Published on

പട്ടാമ്പി എംഎൽഎ മുഹമ്മദ് മുഹ്സിന് മറുപടിയുമായി ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി ജഗദീഷ്. എംഎൽഎയുടെ സഹോദരിയെ അപമാനിച്ചിട്ടില്ലെന്നും, അദ്ദേഹത്തെ ആരോ തെറ്റിധരിപ്പിച്ചതാണെന്നുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ വാദം. എംഎൽഎയുടെ സഹോദരിയുടേത് ബാല വിവാഹമായിരുന്നു എന്നും, സാധൂകരണ നടപടികൾക്കായിരുന്നു ഓഫീസിലെത്തിയതെന്നും പഞ്ചായത്ത് സെക്രട്ടറി വിശദീകരിച്ചു.



16 വർഷം മുന്നേ നടന്ന വിവാഹം രജിസ്റ്റർ ചെയ്യാനാണ് യുവതി ഓഫീസിലെത്തിയത്. ഭർത്താവ് വിദേശത്ത് ആയതിനാൽ ഓൺലൈൻ ഹിയറിങ്ങ് നടത്തികൊടുക്കണമെന്നായിരുന്നു ആവശ്യം. കോവിഡ് കാലത്തായിരുന്നു ഇങ്ങനെയൊരു ഉത്തരവ് വന്നത്. എന്നാൽ ഇപ്പോൾ ജനജീവിതം സാധാരണ ഗതിയിലായതിനാൽ ആ ഉത്തരവിന് പ്രസക്തിയില്ല. എന്നിട്ടും യുവതി ആവശ്യപ്പെട്ടതിനെ തുടർന്നാണ് സർട്ടിഫിക്കറ്റിൻ്റെ കാര്യങ്ങളുമായി മുന്നോട്ട് പോയതെന്നും പഞ്ചായത്ത് സെക്രട്ടറി വെളിപ്പെടുത്തി.

സ്ത്രീകളോട് മാന്യമായി പെരുമാറാൻ അറിയില്ലെങ്കിൽ മോന്ത അടിച്ച് പൊളിക്കുമെന്നായിരുന്നു  മുഹമ്മദ് മുഹ്സിൻ എംഎൽഎയുടെ ഭീഷണി. ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി ജഗദീഷിനെ എംഎൽഎ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. സഹോദരിയെ ഓങ്ങല്ലൂർ പഞ്ചായത്ത് സെക്രട്ടറി ജഗദീഷ് അപമാനിച്ചു എന്നാരോപിച്ചാണ് എംഎൽഎ ക്ഷുഭിതനായത്. ജനുവരി 20 നാണ് സംഭവം നടന്നത്.  സെക്രട്ടറിക്കെതിരെ നിരന്തരം പരാതികൾ വന്നിട്ടുണ്ട്. മറ്റ് സ്ത്രീകളോടടക്കം മോശമായി പെരുമാറിയതിനാലാണ് ഈ ഭാഷയിൽ സംസാരിച്ചതെന്നുമാണ് മുഹമ്മദ് മുഹ്സിൻ എംഎൽഎ പറഞ്ഞിരുന്നത്. 

Related Stories

No stories found.
News Malayalam 24x7
newsmalayalam.com