വായ്പയുടെ 10 ശതമാനം അടച്ചത് അക്കൗണ്ടിനെ ബാധിച്ചു, പിഴ ആവശ്യപ്പെട്ട് കമ്പനി; യുവാവ് ജീവനൊടുക്കിയതിന് കാരണം ഓൺലൈൻ വായ്പാ തട്ടിപ്പ്

ഒരു വായ്പ എടുക്കാൻ വേണ്ടി. ഹൈദരാബാദ് ആസ്ഥാനമായ, ഓൺലൈൻ വായ്പാ സ്ഥാപനം VX l GLobal Solutions ന്റെ കെണിയിൽ കുടുങ്ങിയ സനലിന് , കയ്യിലുള്ള പണവും നഷ്ടപ്പെടുകയായിരുന്നു.
വായ്പയുടെ 10 ശതമാനം  അടച്ചത് അക്കൗണ്ടിനെ ബാധിച്ചു, പിഴ ആവശ്യപ്പെട്ട് കമ്പനി; യുവാവ് ജീവനൊടുക്കിയതിന് കാരണം  ഓൺലൈൻ വായ്പാ തട്ടിപ്പ്
Published on

അട്ടപ്പാടിയിൽ യുവാവിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ ഓൺലൈൻ വായ്പാ തട്ടിപ്പ്. അട്ടപ്പാടി മുണ്ടൻപാറ സ്വദേശി സനൽകുമാറാണ് ഓൺലൈൻ വായ്പാ തട്ടിപ്പിന് ഇരയായി ജീവനൊടുക്കിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

അട്ടപ്പാടി മുണ്ടൻപാറയ്ക്ക് സമീപം ഇടിഞ്ഞമല സ്വദേശി സനൽകുമാർ, മരണത്തിന് തൊട്ടുമുൻപ് ഓൺലൈൻ വായ്പാ സ്ഥാപനത്തിന്റെ ജീവനക്കാരിക്ക് അയച്ച ശബ്ദ സന്ദേശത്തിൽ തൻ്റെ സഹോദരിയുടെ കുഞ്ഞിൻ്റെ സ്വർണം പണയം വച്ച പണമാണ് നൽകിയതെന്നും, നിങ്ങൾ ഒരു കാലത്തും ഗുണം പിടിക്കില്ലെന്നും കരഞ്ഞുകൊണ്ടു പറയുന്നുണ്ട് . ഒരു വായ്പ എടുക്കാൻ വേണ്ടി. ഹൈദരാബാദ് ആസ്ഥാനമായ, ഓൺലൈൻ വായ്പാ സ്ഥാപനം VX l GLobal Solutions ന്റെ കെണിയിൽ കുടുങ്ങിയ സനലിന് , കയ്യിലുള്ള പണവും നഷ്ടപ്പെടുകയായിരുന്നു.

ഡിസംബർ 28 നാണ് സനൽ കുമാറിനെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കാരണമന്വേഷിച്ച് വീട്ടുകാർ ഫോൺ പരിശോധിച്ചപ്പോഴാണ് ഓൺലൈൻ വായ്പയുടെ വിവരങ്ങൾ ലഭിക്കുന്നത്. 50000 രൂപയാണ് സനൽ ഓൺലൈൻ വായ്പ ആവശ്യപ്പെട്ടത്. എന്നാൽ പണം കിട്ടാൻ ഗ്യാരണ്ടറോ അല്ലെങ്കിൽ വായ്പയുടെ പത്ത് ശതമാനം തുകയോ വേണമെന്ന് വായ്പാ ഏജൻസി ആവശ്യപ്പെട്ടു.

എന്നാൽ പിന്നീട് വിചിത്രമായ വാദമാണ് കമ്പനി സനലിനോട് ആവശ്യപ്പെട്ടതെന്ന് സഹോദരി സരിത പറഞ്ഞു. ലോണിനു മുന്നോടിയായി യുവാവ് നൽകിയ 5000 രൂപ അടച്ചത് കമ്പനിയുടെ അക്കൗണ്ടിനെ ബാധിച്ചുവെന്നും അതിനാൽ പിഴയടയ്ക്കണം എന്നാണ് കമ്പനി പറഞ്ഞത്.

കടം വാങ്ങി അടച്ച പണം ഉൾപ്പടെ ഒരു രൂപ പോലും തിരിച്ചു കിട്ടാതെ വന്നതോടെ മാനസികമായി തകർന്ന സനൽ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് സരിത പറയുന്നത്. ഓൺ ലൈൻ വായ്പാ സ്ഥാപനത്തിലേക്ക് ഇപ്പോൾ വിളിച്ചാൽ കിട്ടുന്നില്ലെന്നും ഇവർ പറയുന്നു. സംഭവത്തിൽ അഗളി പൊലീസ് അന്വേഷണം ആരംഭിച്ചു. ഈ കമ്പനി ഇനി ഒരാളെയും കബളിപ്പിക്കരുതെന്നും കർശന നടപടി വേണമെന്നും വീട്ടുകാർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com