
സപ്ലൈകോയിലെ വിലവർധനവിനെ ന്യായീകരിച്ച് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആർ. അനിൽ. മാർക്കറ്റ് വില അനുസരിച്ച് ചില ക്രമീകരണങ്ങളാണ് വരുത്തിയത്. വിലക്കയറ്റം പിടിച്ചുനിർത്താനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ഒരു പൊതുമേഖലാ സ്ഥാപനം എന്ന നിലയില്‍ സപ്ലൈകോ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. വില വർധിപ്പിച്ചു എന്ന് പറയുമ്പോഴും സപ്ലൈകോയിൽ അരിക്ക് 33 രൂപയാണ്. 44 രൂപ വിലയുള്ള പഞ്ചസാര 33 രൂപയ്ക്ക് കൊടുക്കുന്നത് വില വർധനവാണോയെന്നും മന്ത്രി ചോദിച്ചു.
ALSO READ: വിലകൂട്ടി സപ്ലൈകോയുടെ ഓണസമ്മാനം; ഒറ്റയടിക്ക് മൂന്ന് സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ക്ക് വില വർധന
ജനങ്ങൾക്ക് ആശ്വാസം പകരുന്ന സ്ഥാപനത്തിനെ ജനങ്ങൾക്ക് എതിരാക്കുന്ന പ്രചരണം നടത്തുന്നതില്‍ എന്താണ് ഗുണമെന്നും അനില്‍ ചോദിച്ചു. ചുമർ ഉണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റുകയുള്ളു. മൂന്ന് ഉല്‍പ്പന്നങ്ങൾക്ക് ചെറിയ വ്യത്യാസമാണ് വരുത്തിയത് . 400 രൂപയിൽ അധികം കുറവ് മറ്റ് ഉല്പന്നങ്ങളിൽ വന്നിട്ടുണ്ടെന്നും അനില്‍ ചൂണ്ടിക്കാട്ടി.
രണ്ടാഴ്ച മുന്‍പ് ഓണക്കാലത്ത് വിലക്കയറ്റം രൂക്ഷമാകാന്‍ സാധ്യതയുണ്ടെന്ന് സപ്ലൈകോ സർക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടർന്ന് 225 കോടി രൂപ സർക്കാർ അധിക സഹായമായി സപ്ലൈകോയ്ക്ക് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചത്. മട്ടയരി കിലോയ്ക്ക് മൂന്ന് രൂപ, തുവരപ്പരിപ്പിന് നാല് രൂപ, പഞ്ചസാരയ്ക്ക് ആറു രൂപ എന്നിങ്ങനെയാണ് വിലവർധന. ഓണച്ചന്തകൾ ഇന്ന് തുടങ്ങാനിരിക്കെയാണ് വില വർധിപ്പിച്ചത്. ഒറ്റയടിക്കുള്ള വിലവർധന ഉത്സവകാലത്ത് സാധാരണക്കാരെ സാരമായി ബാധിക്കും.