
സാധാരണക്കാരൻ്റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ ജനപ്രതിനിധികളെ പ്രാപ്തനാക്കിയ ജനകീയ നേതാവ് ഉമ്മൻ ചാണ്ടിയുടെ 81-ാം ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. രാഷ്ട്രീയ ഭേദമന്യേ ആര്‍ക്കും ജീവിതത്തിലെ എന്ത് പ്രതിസന്ധിയും പരിഹരിക്കാൻ സമീപിക്കാവുന്ന ഒരാളായിരുന്നു മുൻ മുഖ്യമന്ത്രിയായ ഈ പുതുപള്ളിക്കാരൻ. ഒരു നിവേദനത്തിനോ കത്തിനോ ഫോണ്‍ വിളികള്‍ക്കോ അപ്പുറം സാധ്യമായ എന്ത് സഹായത്തിനും ഉമ്മൻ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവ് ലോകത്തിൻ്റെ ഏതു ഭാഗത്തുമുള്ള മലയാളികൾക്ക് മുന്നിൽ ഉണ്ടെന്ന ധൈര്യം ഇല്ലാതായിട്ട് വർഷം ഒന്ന് കഴിഞ്ഞിട്ടേയുള്ളൂ.
കേരളത്തിൽ കോൺഗ്രസിൻ്റെ ജനകീയ മുഖമായിരുന്ന ഉമ്മൻചാണ്ടിക്ക് മൺമറഞ്ഞ് ഒരു വർഷത്തിലധികം പിന്നിടുമ്പോഴും ആ ജനകീയതയ്ക്ക് ഒട്ടും കുറവില്ലെന്നതിന് തെളിവാണ് ഇന്നും ആ കല്ലറ തേടിയെത്തുന്ന ജനക്കൂട്ടം. സ്‌നേഹം കൊണ്ട് മനുഷ്യരെ കീഴടക്കിയ ഒരു ഭരണാധികാരിയായിരുന്നു ഉമ്മൻചാണ്ടിയെന്ന് അടുത്ത സഹപ്രവർത്തകർ പോലും സ്മരിക്കുന്നു. ജനക്കൂട്ടത്തിന് നടുവില്‍ നില്‍ക്കുന്നത് തന്നെയാണ് ഉമ്മന്‍ ചാണ്ടിയെന്ന നേതാവിനെ വളർത്തിയതും കരുത്തനായ ഭരണാധികാരിയാക്കി മാറ്റിയതും.
ജീവിച്ചിരുന്നപ്പോഴുള്ള ഉമ്മന്‍ ചാണ്ടിയേക്കാള്‍ ശക്തനാണ് മരണശേഷമുള്ള ഉമ്മൻ ചാണ്ടിയെന്ന് തെളിയിക്കുന്നതായിരുന്നു തിരുവനന്തപുരത്ത് നിന്നും പുതുപ്പള്ളിയിലേക്കുള്ള വിലാപ യാത്ര. ഉപതെരഞ്ഞെടുപ്പിൽ മകൻ ചാണ്ടി ഉമ്മനെ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചാണ് പുതുപ്പള്ളിക്കാർ കുഞ്ഞൂഞ്ഞിനുള്ള സ്നേഹം മടക്കി നല്‍കിയത്.
ജനങ്ങള്‍ നല്‍കിയ ശക്തി തന്നെയാണ് എതിരാളികളുടെ ദുരാരോപണങ്ങളില്‍ അടിപതറാതെ അഗ്നിശുദ്ധി വരുത്താന്‍ ഉമ്മന്‍ ചാണ്ടിയെ പ്രപ്തനാക്കിയത്. മനസാക്ഷിയുടെ മുന്നില്‍ താന്‍ തെറ്റുകാരനല്ലെന്ന ബോധ്യത്തില്‍ ഉമ്മന്‍ ചാണ്ടി അചഞ്ചലനായി. മരണശേഷം നിയമവഴിയില്‍ ഉമ്മന്‍ ചാണ്ടി ജയിച്ച് കയറിയപ്പോള്‍ അത് കേരളം ഒന്നാകെ ഏറ്റെടുത്തു. 2023 ജൂലൈ 18നായിരുന്നു അന്ത്യം. അഞ്ചു പതിറ്റാണ്ടിലധികമായി കേരള രാഷ്ട്രീയത്തിനൊപ്പം സഞ്ചരിച്ച ഉമ്മൻ ചാണ്ടിയുടെ വിയോഗം കോൺഗ്രസിന് എക്കാലവും തീരാനഷ്ടമാണ്.
കേരളത്തിലെ പ്രമുഖ കോൺഗ്രസ് നേതാക്കളിൽ പലരേയും പോലെ തന്നെ ഒരണ സമരമാണ് ഉമ്മൻ ചാണ്ടിയേയും രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. അന്ന് ഉമ്മൻചാണ്ടി സെന്റ് ജോർജ് സ്കൂൾ കെഎസ്‌യു യൂണിറ്റ് പ്രസിഡൻ്റായിരുന്നു. പിന്നീട് കോട്ടയം ജില്ലാ സെക്രട്ടറിയും സംസ്ഥാന ജനറൽ സെക്രട്ടറിയുമായി സ്ഥാനക്കയറ്റം. തുടർന്ന് ആന്റണിയുടെ വിശ്വസ്തനായി ഏറെക്കാലം. 1967ൽ എകെ ആന്റണി കെഎസ്‌യു അധ്യക്ഷ സ്ഥാനത്തു നിന്ന് മാറിയപ്പോൾ ഉമ്മൻചാണ്ടി ആ പദവിയിൽ എത്തി. പിന്നീട് 2004ൽ മുഖ്യമന്ത്രി കസേരയിൽ നിന്ന് ആന്റണി രാജിവച്ചപ്പോൾ പകരമെത്തിയതും ഉമ്മൻചാണ്ടിയായിരുന്നു.
1970ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെ ആയിരുന്നു നിയമസഭയിലേക്ക് പുതുപ്പള്ളിയിൽ നിന്നുള്ള കന്നിയങ്കം. പിന്നീട് മരണം വരെ നീണ്ട അമ്പത്തിമൂന്ന് വർഷക്കാലം പുതുപ്പള്ളിയുടെ പ്രതിനിധിയായി അദ്ദേഹത്തെ ജനങ്ങൾ തെരഞ്ഞെടുത്തു. 77ലെ കരുണാകരൻ സർക്കാരിൽ തൊഴിൽ മന്ത്രിയായി, പിന്നീട് പല മന്ത്രിസഭകളിലും ആഭ്യന്തര, ധനകാര്യ വകുപ്പ് കൈകാര്യം ചെയ്തു. രണ്ടു തവണ സംസ്ഥാന മുഖ്യമന്ത്രിയായി കേരള രാഷ്ട്രീയത്തിൽ ഉമ്മൻ ചാണ്ടി നിറഞ്ഞു നിന്നു. എന്നാൽ ഒരു കാലത്തും ദേശീയ രാഷ്ട്രീയം ഉമ്മൻ ചാണ്ടിയുടെ ലക്ഷ്യമായിരുന്നില്ല. ആ രാഷ്ട്രീയ ജീവിതം പുതുപ്പള്ളി മുതൽ പുതുപ്പള്ളി വരെ നീണ്ടതായിരുന്നു എന്ന് തന്നെ പറയേണ്ടിവരും. ദേശീയ തലത്തിൽ വരെ അത് അംഗീകരിക്കപ്പെട്ടിരുന്നു.