
പഹല്‍ഗാമില്‍ 26 നിരപരാധികള്‍ കൊല്ലപ്പെട്ട് രണ്ടാഴ്ചയ്ക്കു ശേഷമാണ് ഓപ്പറേഷന് സിന്ദൂര്‍ എന്ന് പേരിട്ട ഇന്ത്യയുടെ തിരിച്ചടി ഉണ്ടായിരിക്കുന്നത്. കര-നാവിക-വ്യോമ സേന സംയുക്തമായാണ് പാകിസ്ഥാന് മേല്‍ തിരിച്ചടി നല്‍കിയിരിക്കുന്നത്. പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലേയും ഒമ്പത് ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാണ് ഇന്ത്യയുടെ പ്രത്യാക്രമണം.
1971 ലെ യുദ്ധത്തിനു ശേഷം ആദ്യമായാണ് ഇന്ത്യയുടെ മൂന്ന് സേനകളും ചേര്‍ന്ന് സംയുക്തമായി പാകിസ്ഥാനു നേരെ ആക്രമണം നടത്തുന്നത്. പുലര്‍ച്ചെ 1.44 ഓടെയായിരുന്നു പാകിസ്ഥാനെ ഞെട്ടിച്ചു കൊണ്ടുള്ള ഇന്ത്യയുടെ ആക്രമണം.
ഇന്ത്യന്‍ കരസേന, നാവികസേന, വ്യോമസേന എന്നീ മൂന്ന് സേനകളുടെയും പ്രിസിഷന്‍ സ്ട്രൈക്ക് ആയുധ സംവിധാനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിച്ചത്. ചാവേര്‍ ഡ്രോണുകള്‍ (kamikaze drones) അല്ലെങ്കില്‍ സൂയിസൈഡ് ഡ്രോണുകള്‍ (suicide drones) ലക്ഷ്യത്തിലേക്ക് ഇടിച്ചു കയറാന്‍ രൂപകല്‍പ്പന ചെയ്ത ആയുധങ്ങളാണ് സൈന്യം ഉപയോഗിച്ചത്.
പാകിസ്ഥാന്റെ സൈനിക കേന്ദ്രങ്ങളൊന്നും ലക്ഷ്യംവെച്ചിട്ടില്ലെന്ന് ഇന്ത്യ ഊന്നിപ്പറയുന്നു. ലക്ഷ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതിലും വധശിക്ഷ നടപ്പിലാക്കുന്ന രീതിയിലും ഇന്ത്യ സംയമനം പാലിച്ചതായി തിരിച്ചടിക്കു ശേഷം സേന അറിയിച്ചു.
ജെയ്ഷെ-ഇ-മുഹമ്മദ്, ലഷ്കര്‍-ഇ-ത്വയ്ബ കന്ദ്രങ്ങള്‍ ഉള്‍പ്പടെയുള്ള ഒമ്പത് കേന്ദ്രങ്ങളാണ് ഇന്ത്യ തകര്‍ത്തത്. ആക്രമണത്തിന് ശേഷം സൈനിക മേധാവികളുമായി രാജ്നാഥ് സിംഗ് ചര്‍ച്ച നടത്തി. ഓപ്പറേഷന് സിന്ദൂറിനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ രാവിലെ പത്ത് മണിക്ക് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിക്കുമെന്ന് സൈന്യം അറിയിച്ചിട്ടുണ്ട്.