Operation Sindoor | നൂറിലധികം ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയവരും

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങളിലും സാധാരണക്കാരേയും ഇന്ത്യ ലക്ഷ്യം വെച്ചിട്ടില്ല. ഒമ്പത് ഭീകര കേന്ദ്രങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം
Operation Sindoor | നൂറിലധികം ഭീകരരെ വധിച്ചു; കൊല്ലപ്പെട്ടവരില്‍ ഇന്ത്യയില്‍ ഭീകരാക്രമണം നടത്തിയവരും
Published on

ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് തെളിവുകള്‍ നിരത്തി വിശദീകരിച്ച് കര-വ്യോമ-നാവിക സേനയുടെ സംയുക്ത വാര്‍ത്താ സമ്മേളനം. വൈസ് അഡ്മിറല്‍ എ.എന്‍. പ്രമോദ്, ലഫ്. ജനറല്‍ രാജീവ് ഖായ്, എയര്‍ മാര്‍ഷല്‍ എ.കെ. ഭാരതി, മേജര്‍ ജനറല്‍ എസ്.എസ്. ഷര്‍ദ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്.

ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ നല്‍കിയത് കൃത്യമായ സന്ദേശമാണെന്ന് സേനയുടെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മെയ് ഏഴിന് നടത്തിയ ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനിലെ സൈനിക കേന്ദ്രങ്ങളിലും സാധാരണക്കാരേയും ഇന്ത്യ ലക്ഷ്യം വെച്ചിട്ടില്ല. പാകിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങളിലായിരുന്നു ഇന്ത്യയുടെ ആക്രമണം. ഇതിന്റെ തെളിവുകളും ഇന്ത്യ പുറത്തുവിട്ടു. പാക് അധിനിവേശ കശ്മീരിലെ ഭീകരവാദ കേന്ദ്രങ്ങള്‍ തകര്‍ത്തു. ഇന്ത്യ ലക്ഷ്യമിട്ടത് ഭീകരവാദികളെ മാത്രമാണ്.

ഭീകരകേന്ദ്രങ്ങളുടെ ഭൂപ്രകൃതി, നിര്‍മാണരീതി എന്നിവ വിശദമായി പരിശോധിച്ചു. ഇതോടെ പോര്‍വിമാനങ്ങള്‍ക്ക് ലക്ഷ്യസ്ഥാനം കൃത്യമായി കണക്കാക്കാനായി. 9 തീവ്രവാദ ക്യാംപുകളിലാണ് തീവ്രവാദികളുള്ളതെന്ന് കണ്ടെത്തി. ഇതില്‍ പലതും പാക് അധീന കശ്മീരിലായിരുന്നു. ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പല ക്യാംപുകളും തീവ്രവാദികള്‍ ഉപേക്ഷിച്ചു.

നൂറിലധികം ഭീകരരെ വധിക്കാനായി. കൊല്ലപ്പെട്ടവരില്‍ ഇന്ത്യയില്‍ ഭീകരാക്രമണങ്ങള്‍ നടത്തിയ ഭീകരരും ഉള്‍പ്പെടും. കാണ്ഡഹാര്‍ വിമാന റാഞ്ചലിനും പുല്‍വാമ ആക്രമണത്തിലും പങ്കുള്ള തീവ്രവാദികളായ യൂസഫ് അസര്‍, അബ്ദുല്‍ മാലിക് റൗഫ്, മുദസ്സര്‍ അഹമ്മദ് എന്നിവരടക്കമാണ് ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ടത്. മുരിദ്‌കെ, ഭവാല്‍പൂര്‍ ഭീകരവാദ കേന്ദ്രമാണ് പ്രധാനമായും ഇന്ത്യ ലക്ഷ്യമിട്ടത്.

മുരിദ്‌കെയിലെ ലഷ്‌കറെ ത്വയ്ബ ആസ്ഥാനത്ത് രണ്ട് തവണ ആക്രമണം നടത്തി. ബഹല്‍പൂരീലെ ജെയ്‌ഷെ മുഹമ്മദ് ആസ്ഥാനത്ത് മൂന്ന് പോയിന്റുകളിലാണ് ആക്രമണം നടത്തിയത്. ഗുജ്രന്‍വാലയിലെ റഡാര്‍ സ്റ്റേഷനും ആക്രമിച്ചു. മുന്‍കൂട്ടി നിശ്ചയിച്ച രണ്ട് പോയിന്റുകളിലാണ് ആക്രമണം നടത്തിയത്. ഭീകരവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നതിന് മുമ്പും ശേഷവുമുള്ള സാറ്റലൈറ്റ്, റഡാര്‍, ദൃശ്യങ്ങളും സൈന്യം പുറത്തുവിട്ടു.

ഓപ്പറേഷന്‍ സിന്ദൂരില്‍ പരിഭ്രാന്തരായ പാകിസ്ഥാന്‍ ഇന്ത്യയിലെ ജനവാസ മേഖലയില്‍ ആക്രമണം നടത്തി. മെയ് 8നും 9നും രാത്രി ഡ്രോണുകള്‍ക്ക് പുറമെ വിമാനങ്ങളും ഇന്ത്യന്‍ വ്യോമമേഖലയില്‍ പ്രവേശിച്ചു. ഇന്ത്യയുടെ വ്യോമസേന ഓരോ ആക്രമങ്ങളേയും ചെറുത്തു തോല്‍പ്പിച്ചു. 


പാകിസ്ഥാനിലെ ഭീകരവാദികള്‍ക്കെതിരെയായിരുന്നു ഇന്ത്യയുടെ പോരാട്ടമെന്നും സൈനിക കേന്ദ്രങ്ങളോ ജനങ്ങളെയോ ആക്രമിച്ചിട്ടില്ലെന്നും സൈനിക മേധാവികള്‍ ആവര്‍ത്തിച്ചു. പാകിസ്ഥാന്റെ പ്രകോപനത്തിന് പാക് സൈന്യത്തോടും പോരാടി. ഇന്ത്യയുടെ തിരിച്ചടിയില്‍ 35 മുതല്‍ 40 ഓളം സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പാകിസ്ഥാന്റെ നാല് വ്യോമതാവളങ്ങളും ഇന്ത്യ തകര്‍ത്തു. ലാഹോറിലെ വ്യോമപ്രതിരോധ റഡാര്‍ സംവിധാനവും തകര്‍ത്തു. ഇസ്ലാമാബാദിലെ വ്യോമതാവളം, ചുനിയന്‍ വ്യോമ പ്രതിരോധ കേന്ദ്രം,
റഹീം യാര്‍ ഖാന്‍ വിമാനത്താവളം, സര്‍ഗദോ എയര്‍ ഫീല്‍ഡ് എന്നിവയാണ് തകര്‍ത്ത നാല് വ്യോമ താവളങ്ങള്‍.

പാകിസ്ഥാന്റെ ആക്രമണത്തില്‍ ഇന്ത്യയിലെ സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ഗുരുദ്വാരകളിലടക്കം പാകിസ്ഥാന്‍ ആക്രമിച്ചു. ആക്രമണത്തില്‍ 5 സൈനികര്‍ വീരമൃത്യു വരിച്ചു.

വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടത് പാകിസ്ഥാനാണെന്നും ഇന്ത്യ വ്യക്തമാക്കി. പാക് ഡിജിഎംഒ ഹോട്ട് ലൈനുമായി ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചു. ഇന്നലെ 3.45 ഓടെ പാകിസ്ഥാന്റെ ഭാഗത്തു നിന്നും വെടനിര്‍ത്തല്‍ ആവശ്യമുണ്ടായി. വെടിനിര്‍ത്തല്‍ പ്രഖ്യപിച്ച് രണ്ടാം മണിക്കൂറില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുവെന്നും ഇന്ത്യ വ്യക്തമാക്കി. അതിര്‍ത്തിയില്‍ ഇന്ന് രാത്രി പാകിസ്ഥാന്‍ പ്രകോപനം തുടര്‍ന്നാള്‍ ശക്തമായി തിരിച്ചടിക്കാന്‍ സേനയ്ക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്നും സൈനിക മേധാവികള്‍ അറിയിച്ചു.

ആവശ്യം വന്നാല്‍ കറാച്ചിയടക്കമുള്ള സുപ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ നാവികസേന സജ്ജമായിരുന്നു. അറബിക്കടലിലെ സൈനിക വിന്യാസം പിന്‍വലിച്ചിട്ടില്ലെന്നും ഇന്ത്യ അറിയിച്ചു. പാകിസ്ഥാന്റെ ഓരോ നീക്കങ്ങളും ഇന്ത്യ നിരീക്ഷിച്ചു വരികയാണ്. നാളെ പാകിസ്ഥാനുമായി വീണ്ടും ചര്‍ച്ച നടക്കും.

വാര്‍ത്താ സമ്മേളനത്തിനു ശേഷം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും സേന മറുപടി നല്‍കി. ഓപ്പറേഷന്‍ സിന്ദൂര്‍ തുടരുമോ എന്ന ചോദ്യത്തിന് സൈന്യം മറുപടി നല്‍കിയില്ല. പാകിസ്ഥാനില്‍ ആക്രമണം നടത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ ഏതൊക്കെയാണെന്നും വെളിപ്പെടുത്തിയില്ല. സിന്ദൂര്‍ ദൗത്യത്തിന്റെ തുടര്‍ നടപടികളെ കുറിച്ച് പറയാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി.

പാകിസ്ഥാനെതിരെ ഇന്ത്യ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തിയെന്നും ഇനിയും പ്രകോപനമുണ്ടായാല്‍ എന്താണ് സംഭവിക്കുക എന്ന് പാകിസ്ഥാന് നന്നായി അറിയാമെന്നും ദൗത്യത്തില്‍ രാജ്യത്തിനുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് കണ്ട് എതിരാളികള്‍ക്ക് സന്തോഷിക്കാന്‍ അവസരം നല്‍കാന്‍ താത്പര്യമില്ലെന്നും സേനാ മേധാവികള്‍ പറഞ്ഞു.

വെടിനിര്‍ത്തല്‍ ലംഘനമുണ്ടാകുമെന്ന് സേന പ്രതീക്ഷിച്ചിരുന്നുവെന്നും അത് നേരിടാന്‍ തയ്യാറായിരുന്നുവെന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത എല്ലാ പൈലറ്റുമാരും സുരക്ഷിതരായി മടങ്ങി എത്തിയതായും സേനാ മേധാവികള്‍ അറിയിച്ചു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com