
അമേരിക്കയിൽ സാധാരണയായി കണ്ടുവരുന്ന ഒരു കുഞ്ഞൻ മൃഗമാണ് ഒപ്പോസം. കംഗാരു വിഭാഗത്തിൽപ്പെട്ട ഈ ഇത്തിരിക്കുഞ്ഞനാകട്ടെ ആളൊരു ക്യൂട്ടിയുമാണ്. കാണാൻ കൗതുകമെന്ന് മാത്രമല്ല ചിലപ്പോഴൊക്കെ കാടിറങ്ങിവന്ന് പല കുസൃതിത്തരങ്ങളും ഇക്കൂട്ടർ ഒപ്പിക്കാറുണ്ട്. ഇപ്പോഴിതാ രസകരമായ ഒരു സംഭവമാണ് ഒപ്പോസത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്. ലോകത്താദ്യമായി ഷുഗർ ഡയറ്റെടുക്കേണ്ടി വന്ന ഒപ്പോസമാണ് ഇപ്പോൾ വാർത്തകളിലെ താരം.
മധുരം ഇഷ്ടപ്പെടുന്നതും കഴിക്കുന്നതുമൊന്നും തെറ്റല്ല. പക്ഷെ അമിതമായ അളവിൽ കഴിച്ചാൽ മനുഷ്യനായാലും മൃഗമായാലും പണി കിട്ടും.യുഎസിലെ നെബ്രാസ്കയിലെ ഒരു പോർച്ചിൽ വച്ചിരുന്ന കോസ്റ്റ്‌കോ ചോക്ലേറ്റ് മൗസ് കേക്ക് ഒറ്റയടിക്ക് അകത്താക്കിയ ഒപ്പോസമാണ് ആകെ പ്രതിസന്ധിയിലായത്. തണുപ്പായതിനാൽ ഫ്രിഡ്ജിലിരുന്ന ചില സാധനങ്ങളൊക്കെ വീട്ടുകാർ പുറത്തേക്ക് മാറ്റിയിരുന്നു. അതിലുണ്ടായിരുന്ന ചോക്ലേറ്റ് കേക്ക് കണ്ടതോടെ ആശാൻ്റെ കൺട്രോൾ പോയി. മുഴുവനും തിന്നു തീർക്കുകയും ചെയ്തു.
അവിടെ തീർന്നില്ല. മുധുരം മുഴുവും അകത്തുചെന്നതോടെ കുഞ്ഞൻ്റെ സ്ഥിതി വഷളായി. ആകെ കിറുങ്ങി വശം കെട്ട ഒപ്പോസത്തെ അടിയന്തിരമായി അടുത്തുള്ള വന്യജീവി പുനരധിവാസ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ആളിപ്പോ ചികിത്സയിലാണത്രേ.
റിയൽ എസ്റ്റേറ്റ് ഏജൻ്റായ കിം ഡോഗെറ്റിൻ്റെ വീട്ടിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഞായറാഴ്ച വീടിന്റെ മുറ്റത്തിട്ടിരുന്ന ഫർണിച്ചറുകളിൽ അവശതയോടെ ചുരുണ്ടുകൂടി കിടക്കുന്ന ഈ ഒപ്പോസത്തെ കിമ്മും മകനും കാണുകയായിരുന്നു. ശ്വാസം മുട്ടിയ നിലയിലായിരുന്നു അതിനെ കണ്ടെത്തിയത്. കേക്കിന്റെ കഷ്ണങ്ങൾ അവിടെയൊക്കെ കണ്ടതും. ഒപ്പോസത്തിൻ്റെ ശരീരത്തിലെ കേക്കിൻ്റെ അവശിഷ്ടങ്ങളും കണ്ടതോടെ വീട്ടുകാർക്ക് കാര്യം പിടികിട്ടി. പിന്നെ നേരെ ചികിത്സാകേന്ദ്രത്തിലാക്കുകയും ചെയ്തു.
അവിടെയും സങ്കടകരമാണ് കാര്യങ്ങൾ. ഒപ്പോസത്തിന് ചികിത്സയുടെ ഭാഗമായി സ്ട്രിക്റ്റ് ഡയറ്റാണ് നിർദേശിച്ചിരിക്കുന്നത്. അതും ഷുഗർ ഡയറ്റ്.നിലവിൽ കേക്കെന്നല്ല ഒരു തരി പഞ്ചസാരപോലും ആശാന് കഴിക്കാൻ പറ്റില്ലന്നതാണ് സ്ഥിതി. കേക്ക് തിന്നതിന്റെ പ്രയാസങ്ങൾ മാറുമ്പോൾ അതിനെ കാട്ടിലേക്ക് തന്നെ വിട്ടയക്കുമെന്നാണ് റിപ്പോർട്ടുകൾ.
പ്രദേശത്തുള്ളവർ ചേർന്ന് കേക്ക് ബണ്ഡിറ്റ് എന്ന പേരും നൽകിയാണ് ഒപ്പോസത്തെ സ്വീകരിച്ചത്. കസ്റ്റം ടി ഷർട്ടുകളും മറ്റും തയ്യാറാക്കി വിറ്റ് ഒപ്പോസത്തേയും മറ്റ് ജീവികളേയുമെല്ലാം സംരക്ഷിക്കാനുള്ള ശ്രമവും ഇതോടൊപ്പം നടക്കുന്നുണ്ട്. ഏതായാലും കേക്ക് ബണ്ഡിറ്റ് ഇപ്പോൾ താരമായിക്കഴിഞ്ഞു.