തൃശൂരില്‍ വോട്ട് പോയെന്ന് സമ്മതിച്ച് പ്രതിപക്ഷം; ബിജെപിക്കെന്ന് തിരുവഞ്ചൂര്‍, എല്‍ഡിഎഫിനെന്ന് സതീശന്‍

ആര്‍എസ്എസുകാര്‍ ഹിന്ദുക്കളെ വഞ്ചിച്ചു. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി അവര്‍ പൂരം കലക്കിയെന്ന് വി.ഡി സതീശൻ
തൃശൂരില്‍ വോട്ട് പോയെന്ന് സമ്മതിച്ച് പ്രതിപക്ഷം; ബിജെപിക്കെന്ന് തിരുവഞ്ചൂര്‍, എല്‍ഡിഎഫിനെന്ന് സതീശന്‍
Published on

തൃശൂരില്‍ കോണ്‍ഗ്രസ് വോട്ട് നഷ്ടമായെന്ന് സമ്മതിച്ച് പ്രതിപക്ഷം. നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയിലാണ് വോട്ട് നഷ്ടമായെന്ന് പ്രതിപക്ഷ നേതാക്കള്‍ സമ്മതിച്ചത്. തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ടായിരുന്നു ചര്‍ച്ച.

പൂര പ്രേമികളായ കോണ്‍ഗ്രസുകാരുടെ വോട്ട് ബിജെപിയിലേക്ക് പോയെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

പൂരം കലക്കാന്‍ ഹിഡന്‍ അജണ്ടയുണ്ടായിരുന്നു. പൂരം കലങ്ങിയതില്‍ ഞങ്ങളുടെ ആളുകള്‍ക്ക് വിഷമം ഉണ്ടായി. കോണ്‍ഗ്രസ് വോട്ട് കുറഞ്ഞു. അവരെ ബിജെപിയിലേക്ക് അയച്ചതിലാണ് ഗൂഢാലോചന. അന്വേഷണ റിപ്പോര്‍ട്ട് വരാന്‍ അഞ്ചു മാസം എടുത്തു. പൂരംം കലക്കിയ എഡിജിപി തന്നെയാണ് അന്വേഷണവും നടത്തിയതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

എഡിജിപിയാണ് ഇതിന് മുന്നില്‍ നിന്നത്. സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ അജിത് കുമാര്‍ ഇടപെട്ടു എന്ന ആക്ഷേപം ഭരണ കക്ഷിക്ക് തന്നെ ഉണ്ടെന്നും തിരൂവഞ്ചൂര്‍ പറഞ്ഞു. പൂരത്തിനെത്തിയ ജനക്കൂട്ടത്തെ പൊലീസ് കണ്ടത് ശത്രുക്കളായാണ്. അനുഭവ പരിചയമില്ലാത്ത വ്യക്തിയെ സിറ്റി പൊലീസ് കമ്മീഷണറാക്കി. ദേവസ്വം ബോര്‍ഡ് ജീവനക്കാരെ ഉള്‍പ്പടെ തടഞ്ഞത് ബോധപൂര്‍വം ആരോ പൂരം കലക്കി എന്നതിന് തെളിവാണ്.

മന്ത്രിമാര്‍ക്ക് ലഭിക്കാത്ത സൗകര്യം സുരേഷ് ഗോപിക്ക് ലഭിച്ചു. തേര് എഴുന്നെള്ളിക്കും പോലെയാണ് സുരേഷ്‌ഗോപിയെ കൊണ്ട് വന്നത്. ആക്ഷന്‍ ഹീറോ പരിവേഷമാണ് അദ്ദേഹത്തിന് കിട്ടിയത്. പോലീസിന്റെ സഹായമില്ലാതെ ആംബുലന്‍സില്‍ അദ്ദേഹത്തിന് പുരപ്പറമ്പിലേക്ക് എത്താന്‍ കഴിയില്ല. സേവാഭാരതിയുടെ ആംബുലന്‍സിന് വഴിയൊരുക്കിയത് പൊലീസല്ലേയെന്നും എഡിജിപി എം.ആര്‍.അജിത് കുമാര്‍ ഉത്തരവ് നല്‍കാതെ പോലീസ് ഇതിന് അനുമതി നല്‍കുമോയെന്നും തിരുവഞ്ചൂര്‍ ചോദിച്ചു.


തൃശൂരില്‍ കോണ്‍ഗ്രസിന് കിട്ടേണ്ട വോട്ട് പോയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സഭയില്‍ പറഞ്ഞു. ആ വോട്ടുകള്‍ പോയത് എല്‍ഡിഎഫിലേക്കാണ്. പക്ഷേ, സുനില്‍ കുമാറിന് കിട്ടേണ്ട സിപിഎം വോട്ടും ഒഴുകിപ്പോയെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

അന്തിക്കാട് ഉള്‍പ്പെടെയുള്ള ഇടതുപക്ഷ കോട്ടകളില്‍ ബിജെപി ഒന്നാം സ്ഥാനത്തു വന്നു. ഇന്ദിര ഗാന്ധി മരിച്ച ശേഷമുള്ള തെരഞ്ഞെടുപ്പില്‍ പോലും ഇടതുപക്ഷം മുന്നിട്ടു നിന്ന അന്തിക്കാട് ബിജെപി മുന്നിട്ടു. പൂര വിവാദം പുകമറ എന്ന് മന്ത്രി എം.ബി രാജേഷ് പറഞ്ഞതിനേയും വി.ഡി സതീശന്‍ ചോദ്യം ചെയ്തു.

തൃശൂര്‍ പൂര വിവാദം പുകമറ എന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍ തൃശ്ശൂരിലെ സിപിഐ എംഎല്‍എ പറഞ്ഞത് അങ്ങനെയല്ല. പൂരത്തിന് തൊട്ടുമുമ്പ് എഡിജിപി നല്‍കിയ പ്ലാന്‍ എന്ത് പ്ലാന്‍ ആയിരുന്നു? പൂരം നടത്താനാണോ? കലക്കാനാണോ? പൂരം കലക്കാനുള്ള എഡിജിപിയുടെ ബ്ലൂ പ്രിന്റ് അനുസരിച്ചാണ് കമ്മീഷണര്‍ ചെയ്തത്. അതുകൊണ്ടാണ് അദ്ദേഹം കമ്മീഷണറെ വിളിച്ച് എന്താണ് പ്രശ്‌നമെന്ന് ചോദിക്കാത്തത്.

ഒരാഴ്ചകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപിയോട് ആവശ്യപ്പെടാമായിരുന്നു മുഖ്യമന്ത്രിക്ക്. പ്രശ്‌നസ്ഥലത്തേക്ക് മന്ത്രിമാര്‍ വരരുതെന്ന് പറഞ്ഞ പൊലീസ്, പൈലറ്റും എസ്‌കോര്‍ട്ടുമായി സുരേഷ് ഗോപിയെ ആംബുലന്‍സില്‍ വല്‍സന്‍ തില്ലങ്കേരിക്കൊപ്പം എത്തിച്ചു. അന്വേഷണം നടക്കുന്നില്ല എന്ന് സത്യം പറഞ്ഞ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. പൂരം കലക്കാന്‍ ബ്ലൂ പ്രിന്റ് ഉണ്ടാക്കിയയാള്‍ തന്നെ പൂരം കലക്കല്‍ അന്വേഷിച്ചു.

എന്ത് സത്യസന്ധതയാണ് സര്‍ക്കാരിനുള്ളത്. നിങ്ങള്‍ അറിഞ്ഞുകൊണ്ടാണ് പൂരം കലക്കിയത്. മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ ഗൂഢാലോചനയില്‍ പങ്കുണ്ട്. കലക്കിയത് ആര്‍എസ്എസ് ആണെങ്കില്‍ മുഖ്യമന്ത്രി അഞ്ച് മാസം എന്ത് ചെയ്തു. ഒരു എഫ്‌ഐആര്‍ നിങ്ങളുടെ പൊലീസ് എടുത്തോ. ആര്‍എസ്എസുകാര്‍ ഹിന്ദുക്കളെ വഞ്ചിച്ചു. തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ വേണ്ടി അവര്‍ പൂരം കലക്കി. ബിജെപിയും വിചാരണ ചെയ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com