
ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിനെതിരെ പ്രതിപക്ഷം രംഗത്ത്. ജനങ്ങളെ കബളിപ്പിക്കുന്നതിനു വേണ്ടിയുള്ള വഴിപാടാക്കി നയപ്രഖ്യാപന പ്രസംഗത്തെ മാറ്റി. ഒരു നയവും ഇല്ലാത്ത നയപ്രഖ്യാപനമാണ് ഗവർണർ നടത്തിയതെന്നും പ്രതിപക്ഷം വിമർശനമുന്നയിച്ചു.
കേരളത്തില്‍ സര്‍ക്കാരില്ലായ്‌മയുടെ തെളിവാണ് നയപ്രഖ്യാപന പ്രസംഗത്തിലൂടെ വ്യക്തമാകുന്നതെന്നും പ്രതിപക്ഷം ആരോപണമുന്നയിച്ചു. ധനപ്രതിസന്ധിയും ജനകീയ പ്രശ്‌നങ്ങളും പരിഹരിക്കാനുള്ള പ്രഖ്യാപനങ്ങൾ ഒന്നും ഇല്ലെന്നും പ്രതിപക്ഷം കൂട്ടിച്ചേർത്തു. രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തോടെയായിരുന്നു 15-ാം നിയമസഭയുടെ 13-ാം സമ്മേളനം ആരംഭിച്ചത്.
കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങളെ പ്രശംസിച്ചുകൊണ്ടായിരുന്നു നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. നവകേരള സാക്ഷാത്കാരത്തിന് കേരള സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കും. ആരോഗ്യം,വിദ്യാഭ്യാസം എന്നിവയ്ക്ക് പ്രധാന്യം നല്‍കും. ഭരണഘടന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ വ്യക്തമാക്കി.
നയപ്രഖ്യാപന പ്രസംഗത്തിലെ കേന്ദ്ര സര്‍ക്കാരിനെ വിമർശിക്കുന്ന ഭാഗവും ഗവർണർ വായിച്ചു. ജിഎസ്ടി വിഹിതം കൃത്യമായി ലഭിക്കുന്നില്ലെന്നും വികസനത്തിന് പണം കണ്ടെത്താന്‍ ബുദ്ധിമുട്ടെന്നും പ്രസംഗത്തില്‍ പറയുന്നു. സര്‍ക്കാര്‍ അതിദാരിദ്ര്യം ഇല്ലാതാക്കാനുള്ള നടപടികള്‍ ആരംഭിച്ചു. ജനപങ്കാളിത്തത്തോടെ മാലിന്യ നിര്‍മാര്‍ജനം പൂര്‍ത്തിയാക്കും. വികസന നേട്ടങ്ങളില്‍ കേരളം ലോകത്തിന് മാതൃക. കഴിഞ്ഞ കാലങ്ങളില്‍ നിരവധി ദുരന്തങ്ങളെ അഭിമുഖീകരിച്ചു.മേപ്പാടി പുനരധിവാസം സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ മേപ്പാടി ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു.