പ്രതിപക്ഷനേതാവിനെതിരെ കെപിസിസി യോഗത്തിൽ വിമർശനം; പ്രതികരണവുമായി വിഡി സതീശൻ

യോഗത്തിൽ വിമർശനമുയരുന്നത് സ്വാഭാവികം ആണെന്നും തെറ്റുണ്ടെങ്കിൽ തിരുത്തുമെന്നും വി.ഡി. സതീശൻ പറഞ്ഞു
പ്രതിപക്ഷനേതാവിനെതിരെ കെപിസിസി യോഗത്തിൽ വിമർശനം; പ്രതികരണവുമായി വിഡി സതീശൻ
Published on

കെപിസിസി ഭാരവാഹി യോഗത്തിൽ വിമർശനമുയർന്ന സംഭവത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യോഗത്തിൽ വിമർശനം ഉയരുന്നത് സ്വാഭാവികമാണെന്നും, തന്നെ വിമർശിക്കുന്നത് തെറ്റല്ലെന്നും,  വിമർശനത്തിലെ കാര്യങ്ങൾ ശരിയാണെങ്കിൽ തിരുത്തുമെന്നും വി.ഡി. സതീശൻ പ്രതികരിച്ചു. എന്നാൽ കെപിസിസി യോഗം അറിയിക്കാത്തതിലും വിമർശനങ്ങൾ പുറത്തുവന്നതിലും പ്രതിപക്ഷനേതാവിന് കടുത്ത അതൃപ്തിയുണ്ട്. ഇന്നലെ രാത്രി നടന്ന കെപിസിസിയുടെ അടിയന്തര ഓൺലൈൻ ഭാരവാഹി യോഗത്തിലാണ് വി.ഡി. സതീശൻ്റെ പ്രതികരണം.

മിഷൻ 2025ൻ്റെ പേരിൽ തുടങ്ങിയ തർക്കമാണ് സംസ്ഥാന കോൺഗ്രസിൽ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. തിരുവനന്തപുരത്തു നടന്ന മിഷൻ 2025 യോഗത്തിൽ നിന്ന് വി.ഡി. സതീശൻ വിട്ടുനിന്നതാണ് വിവാദമായിരിക്കുന്നത്. പാർലമെന്ററി പാർട്ടി നേതാവായ തന്നെ അറിയിക്കാതെ യോഗം നടത്തിയതിലും തന്നെ വിമർശിച്ചതിലും നേതാവിന് കടുത്ത അതൃപ്തിയുണ്ട്. പിന്നാലെ കഴിഞ്ഞ ദിവസം നടന്ന കോൺഗ്രസിൻ്റെ തിരുവനന്തപുരം ജില്ലാ ക്യാമ്പ് എക്സിക്യൂട്ടീവിൽ സ്ഥലത്തുണ്ടായിട്ടും പ്രതിപക്ഷ നേതാവ് പങ്കെടുക്കാതെ മാറിനിന്നെന്ന ആരോപണവും ഉയർന്നിരുന്നു.  അത് തള്ളാതെ ആയിരുന്നു വി.ഡി. സതീശൻ്റെ പ്രതികരണം.


കെപിസിസിയുടെ അധികാരത്തിന്മേൽ കൈകടത്തുന്നുണ്ടെന്നും സമാന്തര രാഷ്ട്രീയ പ്രവർത്തനം നടത്തുന്നുണ്ടെന്നും അടക്കം ചൂണ്ടി കാട്ടിയായിരുന്നു പ്രതിപക്ഷ നേതാവിനെതിരായ വിമർശനം . പിന്നാലെ കെപിസിസി പ്രസിഡൻ്റും ഇത് സ്ഥിരീകരിച്ചതോടെയാണ് വി.ഡി. സതീശൻ പ്രതികരണവുമായി എത്തിയത്. യോഗത്തിൽ വിമർശനമുയരുന്നത് സ്വാഭാവികം ആണെന്നും തെറ്റുണ്ടെങ്കിൽ തിരുത്തുമെന്നും വി.ഡി. സതീശൻ പറഞ്ഞു.




Related Stories

No stories found.
News Malayalam 24x7
newsmalayalam.com