മുഖ്യമന്ത്രി സംരക്ഷിക്കുന്നത് പി. ശശിയെ; പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ്

ഭരണകക്ഷി എംഎൽഎയെ വിശ്വസിക്കാൻ പറ്റില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പകുതി കാര്യങ്ങളാണ് അന്വേഷിക്കാൻ പോകുന്നത്
മുഖ്യമന്ത്രി സംരക്ഷിക്കുന്നത് പി. ശശിയെ; പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ്
Published on


മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആരോപണങ്ങളിൽ പകുതി ഭാഗവും സർക്കാർ അന്വേഷിക്കില്ല. ഇന്ന് രാവിലെയും പി.വി. അൻവർ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചു. എന്നിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുന്നത് പി. ശശിയെയാണ്. ഭരണകക്ഷി എംഎൽഎയെ വിശ്വസിക്കാൻ പറ്റില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പകുതി കാര്യങ്ങളാണ് അന്വേഷിക്കാൻ പോകുന്നത് എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ ദൂതനായാണ് എഡിജിപിയെ അയച്ചതെന്ന് ഇപ്പോഴും ആവർത്തിക്കുന്നു. അല്ലാതെ എന്തിനാണ് കേരളത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി ആർഎസ്എസ് നേതാവിനെ കണ്ട് ഒരുമണിക്കൂർ സംസാരിച്ചത്. ഇനി ദൂതനായല്ല പോയതെങ്കിൽ ആ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി മുഖ്യമന്ത്രി എന്തുകൊണ്ടാണ് വിശദീകണം ചോദിക്കാത്തതെന്നും, ഇന്റലിജൻസ് റിപ്പോർട്ട് കിട്ടിയിട്ടും എന്തിനാണ് മുഖ്യമന്ത്രി അത് പൂഴ്ത്തിവെച്ചതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

തൃശൂർ പൂരം കലക്കിയതും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും വി.ഡി. സതീശൻ ആരോപിച്ചു. വയനാട് പെരുപ്പിച്ച കണക്കാണ് സർക്കാർ കാണിച്ചത്. 90 ദിവസം തെരച്ചിൽ നടത്തിയെന്നാണ് പറയുന്നത്. എത്ര ദിവസമാണ് തെരച്ചിൽ നടന്നത്? ആ കണക്കുകൾ മെമ്മോറാണ്ടത്തിന്‍റെ വിശ്വാസ്യത തകർത്തുവെന്നാണ് പ്രതിപക്ഷം ഉന്നയിച്ചത്. കേന്ദ്ര സർക്കാർ അഡ്വാൻസ് തുക നൽകിയിട്ടില്ല. അവിടെ പുനരധിവാസ സൗകര്യങ്ങൾ നടത്താൻ പണം വേണം. അതിനായി നൽകേണ്ടത് ആവശ്യമായ തുകയുടെ കണക്കാണ്. എന്നാൽ സർക്കാർ നൽകിയത് ഇല്ലാത്ത തുകയുടെ കണക്കാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com