
ബിഹാറില്‍ പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേടാരോപിച്ച് പ്രതിഷേധിച്ച ഉദ്യോഗാർഥികള്‍ക്ക് നേരെ ജലപീരങ്കിയും ലാത്തിചാർജും നടത്തിയതിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രംഗത്ത്. ബിഹാർ സർക്കാരിൻ്റേത് മനുഷ്യത്വ രഹിതമായ നടപടിയെന്ന് പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു. ജൻ സൂരജ് പാർട്ടി അധ്യക്ഷൻ പ്രശാന്ത് കിഷോർ അടക്കമുള്ള രാഷ്ട്രീയ നേതാക്കളും ആക്ടിവിസ്റ്റുകളും ഉദ്യോഗാർഥികളുടെ സമരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പ്രതിഷേധക്കാരെ ജൻ സൂരജ് അധ്യക്ഷൻ പ്രശാന്ത് കിഷോർ തെറ്റിധരിപ്പിച്ചെന്നും തേജസ്വി യാദവ് ആരോപിച്ചു.
ഇക്കഴിഞ്ഞ ഡിസംബർ 13ന് ബിഹാറില്‍ നടന്ന പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേട് ആരോപിച്ച് പറ്റ്നയിലെ ഗാന്ധി മൈതാനത്ത് ആയിരക്കണക്കിന് ഉദ്യോഗാർഥികളാണ് പ്രതിഷേധിച്ചത്. തുടർന്ന് സമരക്കാർക്ക് നേരെ പൊലീസ് ലാത്തിയും ജലപീരങ്കിയും പ്രയോഗിക്കുകയും അവരെ മർദിക്കുകയും ചെയ്തു. മൂന്ന് ദിവസത്തിനിടെ ഇത് രണ്ടാംതവണയാണ് പ്രതിഷേധത്തിനിടെ സംഘർഷമുണ്ടാകുന്നത്. ഇതോടെ നീതീഷ് കുമാർ സർക്കാരിനെതിരെയും കേന്ദ്രത്തിനെതിരെയും വിമർശനമുയർത്തി.
ഇക്കഴിഞ്ഞ ഡിസംബർ 13ന് നടന്ന പിഎസ്‌സി പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്നും, ചോദ്യപേപ്പർ വൈകി നല്‍കിയതിനാൽ പരീക്ഷയെഴുതാൻ കഴിഞ്ഞില്ലെന്നും ചൂണ്ടിക്കാട്ടി ഉദ്യോഗാർഥികള്‍ തെരുവിലിറങ്ങിയിട്ട് 17 ദിവസം പിന്നിട്ടിരിക്കുന്നു. നേരത്തെ നടത്തിയ പരീക്ഷ റദ്ദാക്കണമെന്നും പ്രിലിമിനറി പരീക്ഷ വീണ്ടും നടത്തണമെന്നുമാണ് സമരക്കാരുടെ ആവശ്യം. എന്നാല്‍ പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം അടിസ്ഥാന രഹിതമെന്നും സ്വകാര്യ കോച്ചിങ് സെൻ്ററുകളാണ് സമരത്തിന് പിന്നിലെന്നുമാണ് സർക്കാരിൻ്റെ വിശദീകരണം. നിയമം കൈയ്യിലെടുക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.