
തിരുവല്ല നഗരസഭ കൗൺസിൽ യോഗത്തിൻ്റെ മിനുറ്റ്സ് തിരുത്തിയതിൽ ചെയർപേഴ്സനെ പ്രതിപക്ഷ അംഗങ്ങൾ ചേമ്പറിൽ ഉപരോധിച്ചു. രാവിലെ ആരംഭിച്ച കൗൺസിൽ യോഗത്തിനിടെയാണ് പ്രതിപക്ഷ കക്ഷികളായ എൽഡിഎഫ്, ബിജെപി അംഗങ്ങൾ എന്നിവര്‍ ചേർന്ന് ചെയർപേഴ്സൺ അനു ജോർജിനെ ചേമ്പറിൽ ഉപരോധിച്ചത്.
കഴിഞ്ഞമാസം നാലാം തീയതി നടന്ന കൗൺസിൽ യോഗത്തിലെ തീരുമാനങ്ങൾ അട്ടിമറിച്ചെന്നും മിനുട്ട്സിൽ തിരുത്തൽ വരുത്തിയെന്നും ആരോപിച്ച്, ഈ മാസം മൂന്നാം തീയതി നടന്ന കൗൺസിൽ യോഗം പ്രതിപക്ഷ അംഗങ്ങളുടെ ബഹളം മൂലം നിർത്തിവയ്ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇതിനുശേഷം ഇന്ന് നടന്ന കൗൺസിൽ യോഗത്തിൽ മിനുട്ട്സിൽ വരുത്തിയ തിരുത്തലുകൾ മാറ്റണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കാന്‍ ചെയർപേഴ്സൺ തയാറാകാതെ വന്നതോടെയാണ് പ്രതിപക്ഷ അംഗങ്ങൾ ചെയർപേഴ്സനെ ചേമ്പറിൽ ഉപരോധിച്ചത്.
ഉപരോധം മുക്കാൽ മണിക്കൂറോളം നേരം നീണ്ടുനിന്നു. എൽഡിഎഫ് പാർലമെൻ്ററി പാർട്ടീ ലീഡർ പ്രദീപ് മാമൻ, ബിജെപി പാർലമെൻ്ററി പാർട്ടി ശ്രീനിവാസ് പുറയാറ്റ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.