
സഭയില്‍ നിന്നുള്ള പ്രതിപക്ഷത്തിന്‍റെ ഇറങ്ങിപ്പോക്കിനെ വിമര്‍ശിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ. ഇന്ന് പ്രതിപക്ഷം രാജ്യസഭയിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കുകയും, പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കുമ്പോൾ സഭയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. എന്നാൽ, ഇതൊരു തെറ്റായ കീഴ്വഴക്കമാണെന്നും, അപകടകരമായ മാതൃകയാണെന്നും പറഞ്ഞ് പ്രതിപക്ഷത്തെ ഒന്നാകെ ആക്ഷേപിക്കുകയായിരുന്നു ഉപരാഷ്ട്രപതിയായ ജഗ്ദീപ് ധൻകർ.
മോദി സംസാരിക്കുമ്പോൾ ഇടപെടാൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് ധൻകർ അനുവാദം നൽകാതിരുന്നതിനാലാണ് പ്രതിപക്ഷ എംപിമാർ സഭയിൽ നിന്നും ഇറങ്ങിപ്പോയത്. സംസാരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള മുദ്രാവാക്യങ്ങളും പ്രതിപക്ഷം സഭയിൽ മുഴക്കി.
എന്നാൽ പുറത്തേക്ക് ഇറങ്ങിപ്പോയ എംപിമാർ ഭരണഘടനയോട് അനാദരവ് കാണിച്ചെന്നും, സത്യപ്രതിജ്ഞയെ അവഹേളിച്ചുവെന്നും ആരോപിച്ച് ജഗ്ദീപ് ധൻകർ കുറ്റപ്പെടുത്തി. ഖാർഗെ ഇറങ്ങിപ്പോയതിലൂടെ സത്യപ്രതിജ്ഞ ലംഘിച്ചുവെന്നും, പ്രതിപക്ഷം ഭരണഘടനയെ കളിയാക്കി എന്നും ധൻകർ പറഞ്ഞു. പ്രധാനമന്ത്രിയോട് പ്രതികരിക്കാൻ ഖാർഗെയ്ക്ക് മതിയായ സമയം നൽകിയിട്ടുണ്ടെന്നും ധൻകർ കൂട്ടിച്ചേര്‍ത്തു.
പാർലമെൻ്റിൽ നിന്ന് ഇറങ്ങി പ്രതിഷേധിച്ച ഖാർഗെയും പ്രതിപക്ഷവും, വസ്തുതാപരമല്ലാത്ത കാര്യങ്ങൾ പറയുന്നത് പ്രധാനമന്ത്രിയുടെ ശീലമാണെന്ന് പ്രതികരിച്ചു.