
ഒ ആർ കേളു പട്ടികജാതി-പട്ടികവർഗ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ആലത്തൂരിൽ നിന്നും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മന്ത്രി കെ. രാധകൃഷ്ണനു പകരമാണ് ഒ ആർ കേളു മന്ത്രിയാകുന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിൽ മാനന്തവാടി എംഎൽഎയാണ്. വി.എൻ വാസവന് ദേവസ്വം വകുപ്പിൻ്റെ ചുമതലയും എം ബി രാജേഷിന് പാർലമെൻ്ററി വകുപ്പ് ചുമതലയും നൽകും. വയനാട് സമിതിയിൽ നിന്ന് സിപിഎം സംസ്ഥാന സമിതിയിലെത്തിയ ആദ്യ പട്ടികവർഗ നേതാവാണ് ഒ ആർ കേളു.
2000 ൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂർക്കുന്ന് വാർഡിൽ നിന്ന് ഗ്രാമപഞ്ചായത്ത് അംഗമായാണ് കേളുവിൻ്റെ തുടക്കം. 2005 മുതൽ പത്തുവർഷക്കാലം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി. 2016 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പി.കെ ജയലക്ഷ്മിയെ തോൽപ്പിച്ച് മാനന്തവാടി നിയോജക എംഎൽഎയായി. 2021 ലും മണ്ഡലത്തിൽ വിജയം ആവർത്തിക്കാൻ ഒ ആർ കേളുവിനായി.