ഒ.ആർ കേളു പട്ടികജാതി-വർഗ വികസന വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

വയനാട്ടിൽ നിന്നുള്ള ആദ്യ സിപിഎം മന്ത്രി
ഒ.ആർ കേളു പട്ടികജാതി-വർഗ വികസന വകുപ്പ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
Published on

പട്ടികജാതി വർഗ വികസന വകുപ്പ് മന്ത്രിയായി ഒ.ആർ കേളു സത്യപ്രതിജ്ഞ ചെയ്തു. വയനാട്ടിൽ നിന്നുള്ള സിപിഎമ്മിൻറെ ആദ്യ മന്ത്രിയും, പട്ടിക വർഗ്ഗ വിഭാഗത്തിൽനിന്നുള്ള സിപിഎമ്മിൻറെ ആദ്യ പട്ടികജാതി-പട്ടിക വർഗ വകുപ്പ് മന്ത്രിയുമാണ്. 4 മണിക്ക് രാജ്ഭവനിലായിരുന്നു സത്യപ്രതിജ്ഞ. ഗവർണർ സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വയനാട്ടിൽ നിന്നുള്ള കുടുംബാംഗങ്ങളും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിച്ച് കെ രാധാകൃഷ്ണൻ രാജിവെച്ചതോടെയാണ് ഒ.ആർ കേളു മന്ത്രിയാകുന്നത്.

കാൽ നൂറ്റാണ്ടായി പൊതു പ്രവർത്തന രംഗത്ത് സജീവമായ നേതാവാണ്. പരാജയമറിയാത്ത ജനപ്രതിനിധിയെന്നാണ് ഒ.ആർ കേളുവിനെക്കുറിച്ചുള്ള വിശേഷണം. തിരുനെല്ലി പഞ്ചായത്തിലെ വാർഡ് മെമ്പർ ആയിട്ടാണ് തുടക്കം. പിന്നീട് തുടർച്ചയായ 15 വർഷത്തിൽ 2 തവണ പഞ്ചായത്ത്‌ പ്രസിഡൻ്റ് ആയി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തംഗമായി പ്രവർത്തിക്കുന്നതിനിടെയാണ് 2016 ൽ മണ്ഡലത്തിലെ നിയമസഭാ സ്ഥാനാർഥിയായി എത്തിയത്. മുൻ പട്ടികജാതി പട്ടിക-വർഗ വകുപ്പ് മന്ത്രി പികെ ജയലക്ഷ്മിക്കെതിരെയായിരുന്നു കന്നിയംഗം. അന്ന് 1307 വോട്ടുകൾക്കാണ് ഒ.ആർ കേളു പികെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിയത്. 9282 വോട്ടുകൾക്ക് വീണ്ടും പി.കെ ജയലക്ഷ്മിയെ തന്നെ പരാജയപ്പെടുത്തി രണ്ടാം തവണയും നിയമസഭയിലെത്തി. നിലവിൽ ആദിവാസി ക്ഷേമസമിതി സംസ്ഥാന അധ്യക്ഷനാണ്.

1970 ആഗസ്റ്റ് 8 ന് വയനാട് ജില്ലയിലെ ഓലഞ്ചേരിയിൽ കർഷകനായ രാമൻ്റെയും ,പരേതയായ അമ്മുവിൻ്റെയും മകനായി കുറിച്യ സമുദായത്തിലാണ് ഒ.ആർ കേളുവിൻ്റെ ജനനം. പത്താം തരം വരെ പഠിച്ചു. ശാന്തയാണ് ഭാര്യ. ബേഗൂർ റേഞ്ചിൽ ബീറ്റ് ഫോറെസ്റ്റ് ഓഫീസറായ മിഥുന, വിദ്യാർഥിനിയായ ഭാവന എന്നിവരാണ് മക്കൾ. സംസ്ഥാനത്ത് ആദിവാസി സമുദായത്തിൽ നിന്നു നേരത്തെ മന്ത്രിയായിട്ടുള്ളത് പി.കെ ജയലക്ഷ്മിയാണ്. ഉമ്മൻ‌ചാണ്ടി സർക്കാരിൽ പട്ടികജാതി-പട്ടിക വർഗ വകുപ്പ് മന്ത്രിയായിരുന്നു പി.കെ ജയലക്ഷ്മി. ജില്ലയിൽ കുറിച്യ വിഭാഗത്തിൽ നിന്നുള്ള രണ്ടാമത്തെ മന്ത്രിയും ഒ.ആർ കേളുവാണ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com