ഒ ആർ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചുമതല പട്ടിക ജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായി

കെ. രാധാകൃഷ്ണൻ രാജിവച്ച ഒഴിവിലാണ് ആദിവാസി ക്ഷേമസമിതിയുടെ സംസ്ഥാന പ്രസിഡൻ്റ് കൂടിയായ ഒ. ആർ കേളു മന്ത്രിയായി എത്തുന്നത്.
ഒ ആർ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; ചുമതല പട്ടിക ജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായി
Published on

മാനന്തവാടി എം എൽ എയും നിയുക്ത മന്ത്രിയുമായ ഒ ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. പട്ടിക ജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രിയായാണ് ചുമതല ഏൽക്കുക. വൈകിട്ട് നാലിന് രാജ് ഭവൻ അങ്കണത്തിലാണ് സത്യപ്രതിജ്ഞ നടക്കുക. ആലത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ. രാധാകൃഷ്ണൻ രാജിവച്ച ഒഴിവിലാണ് ആദിവാസി ക്ഷേമസമിതിയുടെ സംസ്ഥാന പ്രസിഡൻ്റ് കൂടിയായ ഒ. ആർ കേളു മന്ത്രിയായി എത്തുന്നത്. കെ.രാധാകൃഷ്ണൻ്റെ ചുമതലയിലായിരുന്ന പട്ടികജാതി പട്ടികവര്‍ഗ ക്ഷേമ വകുപ്പിൻ്റെ മന്ത്രിയായാണ് ഒ. ആര്‍ കേളു സത്യപ്രതിജ്ഞ ചെയ്യുന്നത്.

രാജ്ഭവനില്‍ വൈകുന്നേരം നാലു മണിക്ക് നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍, ക്ഷണിക്കപ്പെട്ട അതിഥികള്‍ എന്നിവർ ചടങ്ങില്‍ പങ്കെടുക്കും. പട്ടികവർഗ വിഭാഗത്തിലെ സിപിഎമ്മിൻ്റെ ആദ്യ മന്ത്രി കൂടിയാണ് ഒ ആർ കേളു.

2000 ൽ തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ ഇടയൂർക്കുന്ന് വാർഡിൽ നിന്ന് ഗ്രാമപഞ്ചായത്ത് അംഗമായാണ് കേളുവിൻ്റെ രാഷ്ട്രീയ ജീവിതത്തിൻ്റെ തുടക്കം. 2005 മുതൽ പത്തുവർഷക്കാലം തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി. 2016 ൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രിയായിരുന്ന പി.കെ ജയലക്ഷ്മിയെ തോൽപ്പിച്ച് മാനന്തവാടി നിയോജക എംഎൽഎയായി. 2021 ലും മണ്ഡലത്തിൽ വിജയം ആവർത്തിക്കാൻ ഒ ആർ കേളുവിനായി.

ദേവസ്വം മന്ത്രിയായിരുന്ന കെ രാധാകൃഷ്ണൻ്റെ ഒഴിവിൽ ചുമതലയേൽക്കുന്ന ഒ.ആർ കേളുവിന് ദേവസ്വം വകുപ്പ് നൽകാത്തതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. നിലവിൽ മന്ത്രി വിഎൻ വാസവനാണ് ദേവസ്വം വകുപ്പിൻ്റെ ചുമതല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com