വയനാട് പനമരത്ത് യുവാവ് ജീവനൊടുക്കിയ സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്

കഴിഞ്ഞ ദിവസമാണ് പൊലീസിനെതിരെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കിയത്
വയനാട് പനമരത്ത് യുവാവ് ജീവനൊടുക്കിയ സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്
Published on

വയനാട്ടിലെ യുവാവിൻ്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്. ഇതോടൊപ്പം പൊലീസിൻ്റെ വകുപ്പുതല പ്രാഥമിക അന്വേഷണവും നടക്കും. അതേസമയം യുവാവിൻ്റെ മരണത്തിൽ  മുഖ്യമന്ത്രിക്ക് പരാതി നൽകിയെന്ന്  കുടുംബവും അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് പൊലീസിനെതിരെ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് പുഴയിൽ ചാടി ജീവനൊടുക്കിയത്. കമ്പളക്കാട് പൊലീസ് പോക്സോ കേസിൽ കുടുക്കിയെന്നാണ് യുവാവിൻ്റെ ആരോപണം. പനമരം വെള്ളരിവയൽ മാങ്കാണി സ്വദേശി രതിൻ ആണ് മരിച്ചത്. ജീവനൊടുക്കാൻ ഇടയാക്കിയ സാഹചര്യത്തെ കുറിച്ച് വാട്സാപ്പിലിട്ട വീഡിയോയാണ് ഇപ്പോൾ പുറത്തുവന്നത്.

കമ്പളക്കാട് പൊലീസ് തന്നെ പോക്സോ കേസിൽ കുടുക്കിയതായാണ് വീഡിയോയിൽ പറയുന്നത്. ഇത് മൂലമുള്ള മാനഹാനി ഭയന്നാണ് താൻ ജീവനൊടുക്കുന്നതെന്നും രതിൻ അവസാന വീഡിയോയിൽ പറയുന്നു. സുഹൃത്തുമായി വഴിയില്‍ സംസാരിച്ചതിനാണ് പോക്‌സോ കേസെടുത്തതെന്നാണ് യുവാവ് വീഡിയോയില്‍ പറഞ്ഞിരിക്കുന്നത്.

ആരെക്കൊണ്ടും ഒന്നും പറയിപ്പിക്കാതെയാണ് ഇതുവരെ ജീവിച്ചത്. ആരോടും പരാതിയില്ലെന്നും യുവാവ് വീഡിയോയില്‍ പറയുന്നു. പോക്‌സോ കേസില്‍ ഉൾപ്പെട്ടതിനാല്‍ നിരപരാധിത്വം തെളിയിച്ചാലും ഇനി ആളുകള്‍ തന്നെ ആ കണ്ണിലൂടെ മാത്രമെ കാണുകയുള്ളു എന്നും രതിന്‍ ഈ വീഡിയോയില്‍ വിശദീകരിക്കുന്നുണ്ട്. വിദ്യാർഥിനിയുമായി ഓട്ടോറിക്ഷയിൽ കണ്ടതുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളിൽ പൊലീസ് ഇടപെടുകയും, താക്കീത് നൽകി പെറ്റി കേസെടുത്ത് വിട്ടയക്കുകയുമായിരുന്നു എന്നും പൊലീസ് വ്യക്തമാക്കി.

തിങ്കളാഴ്ച രാവിലെയോടെയാണ് രതിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തിയത്. കാണാതായതിന് പിന്നാലെ തെരച്ചിൽ നടത്തിയെങ്കിലും വിഫലമായിരുന്നു. പുഴയ്ക്ക് സമീപം യുവാവ് ഓടിച്ചിരുന്ന ഓട്ടോ കണ്ടെത്തിയതോടെ റെസ്‌ക്യൂ പ്രവര്‍ത്തകർ നടത്തിയ തെരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്.  എന്നാൽ തെറ്റിദ്ധാരണ മൂലമാണ് യുവാവ് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. ആരോപണത്തിൽ കഴമ്പില്ലെന്നും പെറ്റി കേസെടുത്ത് യുവാവിനെ വിട്ടുവെന്നുമാണ് പൊലീസിൻ്റെ ന്യായീകരണം. എന്നാൽ സംഭവത്തിൽ പൊലീസിനെതിരെ ആരോപണം ഉയർന്നതിനാൽ പ്രത്യേക അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com