സംഘടനാപരമായ മുന്നൊരുക്കങ്ങൾ നേരത്തെ തുടങ്ങിയിരുന്നു, ചേലക്കരയില്‍ ഇടതുപക്ഷം ഇത്തവണയും വിജയിക്കും: എ.സി. മൊയ്തീന്‍

മുൻ മന്ത്രിയും ചേലക്കര എംഎൽഎയുമായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച് ജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ വേദിയാകുന്നത്
സംഘടനാപരമായ മുന്നൊരുക്കങ്ങൾ നേരത്തെ തുടങ്ങിയിരുന്നു, ചേലക്കരയില്‍ ഇടതുപക്ഷം ഇത്തവണയും വിജയിക്കും: എ.സി. മൊയ്തീന്‍
Published on

ചേലക്കരയിൽ ഇടതുപക്ഷ സ്ഥാനാർഥി ഇത്തവണയും വിജയിക്കുമെന്ന് ചേലക്കര നിയമസഭാ മണ്ഡലത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള സിപിഎം നേതാവ് എ.സി. മൊയ്തീൻ. സംഘടനാപരമായ മുന്നൊരുക്കങ്ങൾ നേരത്തെ തുടങ്ങിയിരുന്നുവെന്നും ഇടതുപക്ഷത്തിന്റെ പ്രാധാന്യവും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ചേലക്കരയിലെ ജനങ്ങൾ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.‌

"ചേലക്കര മതനിരപേക്ഷ രാഷ്ട്രീയത്തിന് അനുകൂലമായ വിധിയെഴുതും. കെ. രാധാകൃഷ്ണന് വലിയ സ്വീകാര്യത മണ്ഡലത്തിലുണ്ട്. അതിനനുസരിച്ചുള്ള വോട്ടുകളും മുൻ തെരഞ്ഞെടുപ്പിൽ ലഭിച്ചിട്ടുണ്ട്. വ്യക്തി പ്രഭാവത്തിന്റെ അടിസ്ഥാനത്തിലല്ല പാർട്ടി നേതാക്കളെ വിലയിരുത്തുന്നത്. യു.ആർ. പ്രദീപ് മുമ്പ് മത്സരിച്ചപ്പോഴും ചെറിയ ഭൂരിപക്ഷത്തിലല്ല വിജയിച്ചത്. മണ്ഡലത്തിൽ അത്രയൊന്നും അറിയപ്പെടാത്ത പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പ്രദീപ് അന്നും വലിയ ഭൂരിപക്ഷത്തിൽ തന്നെയാണ് ജയിച്ചത്." എ.സി. മൊയ്തീൻ പറഞ്ഞു.

"എല്ലാ ജനങ്ങൾക്കും സ്വീകാര്യമായ സ്ഥാനാർഥി തന്നെയാണ് യു.ആർ. പ്രദീപ്. ഇത്തവണയും വോട്ടിന്റെ കാര്യത്തിൽ പുറകോട്ട് പോക്ക് ഉണ്ടാവില്ല. ചേലക്കരയിൽ ത്രികോണ മത്സരം നടക്കുമെന്ന് കണക്കുകൂട്ടുന്നില്ല. ചേലക്കരയിൽ മത്സരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. ഇടതുപക്ഷ സ്വഭാവമുള്ള മണ്ഡലമാണ് ചേലക്കര. മഹാഭൂരിപക്ഷം സ്ഥലങ്ങളിലും എൽഡിഎഫ് ജനപ്രതിനിധികളാണുള്ളത്. സാമുദായിക പിന്തുണയുടെ അടിസ്ഥാനത്തിലല്ല ചേലക്കരയിൽ സിപിഎം വളർന്നത്. എല്ലാ വിഭാഗം ജനങ്ങളും തങ്ങൾക്കൊപ്പം ഉണ്ട്. മതന്യൂനപക്ഷ സമുദായങ്ങൾക്കിടയിലും എൽഡിഎഫിന് വലിയ സ്വാധീനമുണ്ട്. ആ സ്വാധീനം ഒരുവിധത്തിലും പുറകോട്ട് പോകില്ല. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ പുറകിൽ പോയത് ദേശീയ രാഷ്ട്രീയത്തിൽ നിലനിന്ന സാഹചര്യങ്ങളുടെ ഭാഗമായിട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുൻ മന്ത്രിയും ചേലക്കര എംഎൽഎയുമായിരുന്ന കെ. രാധാകൃഷ്ണൻ ലോക്സഭ തെരഞ്ഞെടുപ്പിൽ ആലത്തൂർ മണ്ഡലത്തിൽ നിന്നും മത്സരിച്ച് ജയിച്ചതിന്റെ പശ്ചാത്തലത്തിലാണ് ചേലക്കര ഉപതെരഞ്ഞെടുപ്പിന്റെ വേദിയായത്. പ്രധാനപ്പെട്ട ഇരു മുന്നണികളും മണ്ഡലത്തിൽ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com