വിവാദങ്ങളില്‍ വഴിത്തിരിവ്; ഓർത്തഡോക്സ് സഭയ്ക്ക് എതിരായ പ്രസ്താവനകൾ പിന്‍വലിച്ച് ഓറിയൻ്റൽ സഭകള്‍

മിഡിൽ ഈസ്റ്റ് സഭകളുടെ നിലപാട് ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിലെ മറ്റ് സഭകൾ തള്ളി
വിവാദങ്ങളില്‍ വഴിത്തിരിവ്; ഓർത്തഡോക്സ് സഭയ്ക്ക് എതിരായ പ്രസ്താവനകൾ പിന്‍വലിച്ച് ഓറിയൻ്റൽ സഭകള്‍
Published on

ഓറിയൻ്റൽ സഭകളുടെ കൂട്ടായ്മയിൽ നിന്ന് മലങ്കര ഓർത്തഡോക്സ് സഭ പുറത്തേക്കെന്ന വിവാദത്തിൽ വഴിത്തിരിവ്. മിഡിൽ ഈസ്റ്റ് സഭകളുടെ നിലപാട് ഓറിയന്റൽ ഓർത്തഡോക്സ് കൂട്ടായ്മയിലെ മറ്റ് സഭകൾ തള്ളി. ഓർത്തഡോക്സ് സഭയ്ക്ക് എതിരായ പ്രസ്താവനകൾ ഓറിയൻ്റൽ സഭകൾ പിൻവലിച്ചു. സഭയുടെ നിലപാടിനെ എത്യോപ്യൻ ഓർത്തഡോക്സ് തെവാഹെദോ സഭ പിന്തുണച്ചു. സഭയുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.


ഓർത്തഡോക്സ് സഭയ്‌ക്കെതിരായ പത്രക്കുറിപ്പ് കോപ്റ്റിക്ക് സഭയും പിൻവലിച്ചു. ഇന്ത്യയിലെ നിജസ്ഥിതി ബോധ്യപ്പെടുത്തി ഓർത്തഡോക്സ് സഭയുടെ എക്യുമെനിക്കൽ വിഭാഗം സഭകൾക്ക് കത്തയച്ചിരുന്നു. എക്യുമെനിക്കൽ ഇന്റർ ചർച്ച് റിലേഷൻസ് വിഭാ​ഗം തലവൻ ഡോ. യൂഹാനോൻ മാർ ​ദിമിത്രിയോസ് മെത്രാപ്പോലീത്തയാണ് കത്തയച്ചത്.

ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ കൂട്ടായ്മയില്‍ നിന്ന് ഓര്‍ത്തഡോക്‌സ് സഭയെ പുറത്താക്കിയിരുന്നു. യാക്കോബായ സഭാ വിഭാഗത്തിന് അംഗീകാരം നൽകുകയും ചെയ്തു. പാത്രിയർക്കീസുമാരുടെ ഈ നടപടിയോട് കടുത്ത ഭാഷയിലാണ് ഓർത്തഡോക്സ് സഭ പ്രതികരിച്ചത്. ഭിന്നിപ്പുണ്ടാക്കാനുള്ള യാക്കോബായ സഭ പാത്രിയർക്കീസിന്റെ തന്ത്രം മലങ്കര ഓർത്തഡോക്സ് സഭ തള്ളുന്നുവെന്നായിരുന്നു മെത്രാപോലീത്തമാരുടെ പ്രതികരണം. ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ പൊതുവേദി നിലവിലില്ലെന്നും, ചേർന്നത് പ്രാദേശിക യോഗമെന്നുമായിരുന്നു ഓർത്തഡോക്സ് സഭയുടെ നിലപാട്. അതേസമയം, സമാധാന ഐക്യ സംവാദത്തിനു തയ്യാറാണെന്ന സഭാ തലവൻമാരുടെ സമീപനം സ്വാഗതാർഹമാണെന്നും ഡോ. യൂഹാനോൻ മാർ ദിമിത്രിയോസ് മെത്രാപ്പോലീത്താ പറഞ്ഞിരുന്നു.

Also Read: ദേശീയപാതാ നിർമാണത്തിലെ അപാകത; അന്വേഷണത്തിനായി മൂന്നംഗസംഘത്തെ നിയോഗിച്ച് കേന്ദ്രം

ഓറിയന്റൽ ഓർത്തഡോക്സ് സഭയുടെ പൊതുവേദി ഉണ്ടാക്കാൻ മുന്നിട്ട് നിന്നത് മലങ്കര ഓർത്തഡോക്സ് സഭയായിരുന്നു. എന്നാൽ 2017 മുതൽ യാക്കോബായ പാത്രിയർക്കീസ് ഈ പ്ലാറ്റ്‌ഫോമിൽ പിടിമുറുക്കി. ഇതോടെ ഈ കൂട്ടായ്മയുടെ അരിക് ഭാഗത്തേക്ക് ഓർത്തഡോക്സ് സഭ മാറിയിരുന്നു. ഈ കൂട്ടായ്മയേക്കാൾ റഷ്യൻ ഓർത്തഡോക്സ് സഭയുമായും, കത്തോലിക്ക സഭയുമായും കൂടുതൽ സഹകരണത്തിന്റെ സാധ്യതകൾ തേടുകയായിരുന്നു മലങ്കര ഓർത്തഡോക്സ് സഭ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com