
കേന്ദ്ര സർക്കാരിന് ഓർത്തഡോക്സ് സഭയുടെ കത്ത്. യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിനെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി വാഴിക്കുന്ന ചടങ്ങിൽ പ്രതിനിധി സംഘത്തെ അയയ്ക്കുന്നത് നിയമപരമല്ല. ആരെങ്കിലും ആരെയെങ്കിലും വാഴിക്കുന്നതിന് സഭ എതിരല്ല. വിദേശ രാജ്യത്തിരുന്ന് ഭാരതത്തിൻ്റെ നിയമസംവിധാനത്തിന് പാത്രിയർക്കീസ് ബാവ തുരങ്കം വെക്കുന്നുവെന്നും ഓർത്തഡോക്സ് സഭ കത്തിൽ ആരോപിക്കുന്നു.
ഇത്തരം നീക്കങ്ങളെ പിന്തുണയ്ക്കരുത്, നിയമ ലംഘനത്തിന് കൂട്ട് നിൽക്കരുത് തുടങ്ങിയ കാര്യങ്ങളാണ് കത്തിൽ പറയുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്കാണ് കത്തയച്ചിരിക്കുന്നത്. ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയാണ് കത്തയച്ചത്.
സർക്കാർ പ്രതിനിധി സംഘത്തെ അയയ്ക്കുന്നത് തടയണമെന്ന പൊതുതാൽപ്പര്യ ഹർജിയിൽ ഇന്നലെ കോടതിയുടെ ഉത്തരവ് വന്നതിനു പിന്നാലെയായിരുന്നു കത്ത്. സർക്കാരിന്റെ തീരുമാനം ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയെക്കുറിച്ച് ഹർജിക്കാരൻ പ്രകടിപ്പിച്ച ആശങ്ക ഉൾക്കൊള്ളുന്നതായി അറിയിച്ച ഹൈക്കോടതി വിഷയത്തിൽ ഇടപെട്ടില്ല. സംസ്ഥാനത്ത് ഈ രണ്ട് വിഭാഗങ്ങൾക്കിടയിൽ അക്രമ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് രേഖകൾ വ്യക്തമാക്കുന്നതായി കോടതി നിരീക്ഷിച്ചു. പ്രതിനിധി സംഘത്തെ അയയ്ക്കാനുള്ള തീരുമാനം ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുന്നതല്ലെന്ന് സർക്കാർ ഉറപ്പാക്കണം. ലബനനിലേക്ക് പ്രതിനിധി സംഘത്തെ അയക്കുന്നതിൽ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നിയമപരവും, ധാർമികവുമായ പ്രത്യാഘാതങ്ങൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കണം എന്നാണ് കോടതിയുടെ നിർദേശം. ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഓർത്തഡോക്സ് സഭയുടെ ഹർജിയിൽ കോടതി ഇടപെടുന്നില്ലെന്ന് അറിയിച്ചു.
മാർച്ച് 25ന് ലബനനിലെ പാത്രിയാർക്ക കത്തീഡ്രലിലാണ് ജോസഫ് മാർ ഗ്രിഗോറിയോസിന്റെ കാതോലിക്കാ വാഴിക്കൽ ചടങ്ങ്. സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറേൻ മാർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവയാണ് ജോസഫ് മാർ ഗ്രിഗോറിയോസിനെ വാഴിക്കുന്നത്. കേരളത്തിൽനിന്ന് മലങ്കര കത്തോലിക്കാ സഭ തലവൻ കർദിനാൾ ബസേലിയോസ് ക്ലിമീസ് ബാവ ഉൾപ്പെടെയുള്ളവരാണ് ചടങ്ങിൽ പങ്കെടുക്കുക. കേന്ദ്രത്തിന്റെ പ്രതിനിധി സംഘവും കേരളത്തിൽനിന്ന് മന്ത്രി പി. രാജീവ് നയിക്കുന്ന ഏഴംഗസംഘവുമാകും ചടങ്ങിൽ പങ്കെടുക്കുക എന്നാണ് അറിയിച്ചിരുന്നത്. മാർച്ച് 11നാണ് പ്രതിനിധി സംഘത്തെ അയയ്ക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയത്. ഇതിനെ ചോദ്യം ചെയ്തായിരുന്നു ഹർജി. എന്നാൽ സംസ്ഥാന സർക്കാരിന്റെ പ്രതിനിധി സംഘത്തിന് കേന്ദ്ര സർക്കാർ ഇതുവരെ അനുമതി നൽകിയിട്ടില്ല.