
അൽ ഖ്വയ്ദ തലവൻ ഒസാമ ബിൻ ലാദൻ്റെ മകൻ ഹംസ ബിൻ ലാദൻ ജീവിച്ചിരിപ്പുണ്ടെന്നും, തീവ്രവാദ സംഘടനയെ നയിക്കുന്നുണ്ടെന്ന് അഫ്‌ഗാനിസ്ഥാനിലെ അൽ ഖ്വയ്‌ദ നേതാവ് പറഞ്ഞതായും
ഇൻ്റലിജൻസ് ദി മിറർ റിപ്പോർട്ട് ചെയ്തു. ഹംസ തൻ്റെ സഹോദരൻ അബ്ദുല്ല ബിൻ ലാദനൊപ്പം അഫ്ഗാനിസ്ഥാനിൽ നിന്ന് അൽഖ്വയ്ദയുടെ രഹസ്യമായി പ്രവർത്തനങ്ങൾ നടത്തുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. താലിബാൻ വിരുദ്ധ സൈനിക സഖ്യമായ നാഷണൽ മൊബിലൈസേഷൻ ഫ്രണ്ട് (എൻഎംഎഫ്) ഹംസയുടെയും കൂട്ടാളികളുടെയും പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 'ഭീകരതയുടെ കിരീടാവകാശി' എന്ന് വിളിക്കപ്പെടുന്നയാൾ വടക്കൻ അഫ്ഗാനിസ്ഥാനിൽ 450 സ്നൈപ്പർമാരുടെ സംരക്ഷണത്തിൽ ഒളിച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുണ്ട്.
2021ലെ കാബൂളിൻ്റെ പതനത്തിന് ശേഷം അഫ്ഗാനിസ്ഥാൻ വിവിധ തീവ്രവാദ ഗ്രൂപ്പുകളുടെ പരിശീലന കേന്ദ്രമായി മാറിയെന്ന് എൻഎംഎഫ് പറഞ്ഞു. ഹംസ ബിൻ ലാദനെ 450 അറബികളും പാകിസ്ഥാനികളും സംരക്ഷിക്കുന്ന പഞ്ച്ഷിറിലെ ദാരാ അബ്ദുല്ല ഖേൽ ജില്ലയിലേക്ക് മാറ്റിയെന്നുമാണ് ലഭ്യമാകുന്ന വിവരം. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ അൽ ഖ്വയ്ദ വീണ്ടും സംഘടിക്കുകയും പാശ്ചാത്യ ലക്ഷ്യങ്ങൾക്കെതിരായ ഭാവി ആക്രമണങ്ങൾക്ക് തയ്യാറെടുക്കുകയും ചെയ്യുന്നുവെന്നും മുന്നറിയിപ്പിൽ പറയുന്നു.
2019ലെ യുഎസ് വ്യോമാക്രമണത്തിൽ ഹംസ കൊല്ലപ്പെട്ടതെന്ന വാദത്തിന് വിരുദ്ധമാണ് എൻഎംഎഫ് റിപ്പോർട്ട്. ഒസാമയുടെ കൊലപാതകത്തിന് ശേഷം അൽ ഖ്വയ്ദയുടെ കാര്യങ്ങൾ ഏറ്റെടുത്ത അയ്മാൻ അൽ സവാഹിരിയുമായി ഹംസ പ്രവർത്തിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. യുഎസിനും മറ്റ് രാജ്യങ്ങൾക്കും നേരെ ആക്രമണം നടത്താൻ ആഹ്വാനം ചെയ്യുന്ന ഓഡിയോ, വീഡിയോ സന്ദേശങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഹംസയുടെ കൊലപാതകം സംബന്ധിച്ച വാർത്ത പുറത്തുവന്നത്. മരണ സ്ഥലവും തീയതിയും വ്യക്തമല്ലെന്ന് അന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു.