'മറ്റ് സിനിമാ മേഖലകള്‍ നമ്മെ നോക്കി അസൂയപ്പെടുകയാണ്'; മലയാള സിനിമയ്ക്ക് ഇത് സുവര്‍ണ കാലമെന്ന് കുഞ്ചാക്കോ ബോബന്‍

പുതുമയുള്ളതും വെല്ലുവിളിനിറഞ്ഞതുമായ തിരക്കഥകളും വേഷങ്ങളും നല്‍കിയാല്‍ പുതിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ചാക്കോച്ചന്‍ പറഞ്ഞു
'മറ്റ് സിനിമാ മേഖലകള്‍ നമ്മെ നോക്കി അസൂയപ്പെടുകയാണ്'; മലയാള സിനിമയ്ക്ക് ഇത് സുവര്‍ണ കാലമെന്ന് കുഞ്ചാക്കോ ബോബന്‍
Published on


ഉള്ളടക്കത്തിന്റെ കാര്യത്തില്‍ മലയാള സിനിമയ്ക്കിപ്പോള്‍ സുവര്‍ണ കാലമാണെന്ന് നടന്‍ കുഞ്ചാക്കോ ബോബന്‍. മറ്റ് സിനിമാ മേഖലകള്‍ മലയാള സിനിമയെ നോക്കി അസൂയപ്പെടുകയാണെന്നും കുഞ്ചാക്കോ ബോബന്‍ അഭിപ്രായപ്പെട്ടു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇതേ കുറിച്ച് സംസാരിച്ചത്.

'കണ്ടന്റിന്റെ കാര്യത്തില്‍ മലയാള സിനിമ ഇപ്പോള്‍ അതിന്റെ സുവര്‍ണ്ണ കാലഘട്ടത്തിലാണ്. മറ്റ് സിനിമ മേഖലകള്‍ സത്യത്തില്‍ നമ്മുടെ സിനിമകള്‍ കണ്ട് അസൂയപ്പെട്ടിരിക്കുകയാണ്. അതിപ്പോള്‍ നിലവാരത്തിന്റെ കാര്യത്തിലായാലും കഥയുടെ കാര്യത്തിലായാലും വിഷയത്തിന്റെ കാര്യത്തിലായാലും. നമ്മുടെ സിനിമകള്‍ പ്രാദേശികമായി വേരൂന്നിയവയാണെങ്കിലും അവയുടെ ഉള്ളടക്കം കാരണം ഇന്ത്യയിലും ആഗോളതലത്തിലും സിനിമകള്‍ ചര്‍ച്ചയാവുന്നു. പിന്നെ ഒടിടിയുടെ വരവോടെ ഭാഷാതടസവും ഇല്ലാതാകുന്നു', എന്നാണ് ചാക്കോച്ചന്‍ പറഞ്ഞത്.

'എനിക്ക് മലയാള സിനിമയില്‍ നിന്ന് ലഭിക്കുന്ന കഥാപാത്രങ്ങളും അല്ലാതെ ഉണ്ടാകുന്ന സിനിമകളുമെല്ലാം ആവേശമുണര്‍ത്തുന്നവയാണ്. അതേസമയം എനിക്ക് മറ്റ് ഭാഷകളില്‍ സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ട്. പ്രത്യേകിച്ച് തമിഴില്‍. എനിക്ക് തന്നെ ഡബ്ബ് ചെയ്യണമെന്നുണ്ട്. മറ്റ് ഭാഷകളില്‍ എന്നെ ആവേശത്തിലാക്കുന്ന കഥാപാത്രമോ സിനിമയോ വന്നാല്‍ ഞാന്‍ തീര്‍ച്ചയായും ശ്രമിക്കും. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്', എന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

അതോടൊപ്പം പുതുമയുള്ളതും വെല്ലുവിളിനിറഞ്ഞതുമായ തിരക്കഥകളും വേഷങ്ങളും നല്‍കിയാല്‍ പുതിയ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ചാക്കോച്ചന്‍ പറഞ്ഞു. 'എന്റെ ഭാവനയ്ക്ക് അതീതമായി എന്നെ അവതരിപ്പിക്കാന്‍ കഴിയുന്ന ഏത് സിനിമ ചെയ്യാനോ കഥാപാത്രം ചെയ്യാനോ ഞാന്‍ തയ്യാറാണ്. ഞാന്‍ എല്ലാ സംവിധായകരെയും തിരക്കഥാകൃത്തുക്കളെയും അതിപ്പോള്‍ പുതുമുഖങ്ങളായാലും നല്ല കഥാപാത്രങ്ങള്‍ എനിക്കൊപ്പം സൃഷ്ടിക്കാന്‍ ഞാന്‍ സ്വാഗതം ചെയ്യുന്നു. അവര്‍ക്കായി ഒരു അഭിനേതാവെന്ന നിലയില്‍ ഞാന്‍ കാത്തിരിക്കുകയാണ്', കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com