
കോഴിക്കോട് ഫാറൂഖ് കോളേജിന് പിന്നാലെ പാലക്കാട് ഓണാഘോഷത്തിനായി രൂപമാറ്റം വരുത്തിയ രണ്ട് ജീപ്പുകൾ പിടികൂടി പൊലീസ്. വരോട്, കോതക്കുർശ്ശി എന്നിവിടങ്ങളിൽ നിന്നാണ് ഒറ്റപ്പാലം പൊലീസ് ജീപ്പുകൾ പിടിച്ചെടുത്തത്. ജീപ്പിന്റെ മുകൾവശത്തെ അപ്പോൾസ്റ്ററി ഒഴിവാക്കി, കനമുള്ള ഇരുമ്പ് പൈപ്പുകൾ ഘടിപ്പിച്ച് തുറന്ന നിലയിലായിരുന്നു വാഹനങ്ങൾ കണ്ടെത്തിയത്.
വരോട്ടെ ഒരു സ്കൂളിലേക്ക് ഓണാഘോഷത്തിനായി പോവുകയായിരുന്ന ജീപ്പാണ് പൊലീസ് പിടിച്ചെടുത്തത്. മറ്റൊന്ന് നിരത്തിലൂടെ സഞ്ചരിക്കുന്നതിനിടെ പിടികൂടി. ഈ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു. ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷം രൂപമാറ്റത്തിന് പിഴയീടാക്കുമെന്നും ഒറ്റപ്പാലം പൊലീസ് വ്യക്തമാക്കി.
കോഴിക്കോട് ഫാറൂഖ് കോളേജിലെയും കണ്ണൂർ കോളേജിലെയും അതിരുവിട്ട ഓണാഘോഷത്തിൽ കർശന നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇത്തരം അഭ്യാസം അനുവദിക്കരുതെന്നും പൊലീസ് മേധാവിയും ഗതാഗത കമ്മീഷണറും ഇത് ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് കോളേജുകളിലെ ഓണാഘോഷത്തിനിടെയുള്ള വാഹനാഭ്യാസത്തിൽ ഹൈക്കോടതി ഇടപെട്ടത്.
വാഹനങ്ങൾ രൂപമാറ്റം വരുത്തിയിട്ടുണ്ടോയെന്ന് മോട്ടോർ വാഹന വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കണം. വാഹനത്തിൽ അഭ്യാസം നടത്തിയ വിദ്യാർഥികളുടെ വിവരങ്ങൾ കൈമാറണമെന്നും കോടതി നിർദേശിച്ചു. സംഭവത്തിൽ നടപടി സ്വീകരിച്ചതായും വാഹനമോടിച്ചയാളുടെ ലൈസൻസ് റദ്ദാക്കുന്നത് പരിശോധിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് കോടതിയെ അറിയിച്ചു.