
പ്രതിപക്ഷത്തിന്റെ വിഭജന അജണ്ട ജനം തള്ളിയെന്നും, അങ്ങനെയാണ് ജനങ്ങൾ മൂന്നാം തവണയും എൻഡിഎ സർക്കാരിനെ അധികാരത്തിലേറ്റിയതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നന്ദി പ്രമേയ ചർച്ചയിൽ രാജ്യസഭയിൽ പ്രതിപക്ഷത്തിന് മറുപടി നൽകുകയായിരുന്നു പ്രധാനമന്ത്രി.
"പ്രതിപക്ഷത്തിൻ്റെ പ്രൊപ്പഗണ്ടയ്ക്ക് മേൽ ഞങ്ങളുടെ പെർഫോമൻസ് വിജയിച്ചു" എന്ന് പറഞ്ഞ മോദി ചിലർ ഭരണം നടത്തിയിരുന്നത് റിമോട്ട് കൺട്രോളിലൂടെ ആയിരുന്നുവെന്നും വിമർശിച്ചു. തൻ്റെ ജോലിയുടെ പ്രധാന ഭാഗം തുടങ്ങിയിട്ടേയുള്ളുവെന്നും അടുത്ത അഞ്ചുവർഷത്തിൽ രാജ്യത്തെ പട്ടിണി തുടച്ചു നീക്കുമെന്നും മോദി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി പ്രതിപക്ഷം ബിജെപിക്കും മോദിക്കുമെതിരെ വിമർശനങ്ങളുന്നയിച്ചിരുന്നു. മറുപടി പ്രസംഗത്തിൽ പ്രതിപക്ഷത്തിനെതിരെയും രൂക്ഷ വിമർശനമാണ് മോദി നടത്തിയത്. പ്രതിപക്ഷത്തിന് മുദ്രാവാക്യം വിളിക്കാനല്ലാതെ മറ്റൊന്നിനുമാകില്ലെന്ന് മോദി ആരോപിച്ചു. തൻ്റെ ജോലിയുടെ പ്രധാന ഭാഗം ആരംഭിച്ചിട്ടേ ഉള്ളൂവെന്ന് പറഞ്ഞ പ്രധാനമന്ത്രി അടുത്ത അഞ്ച് വർഷത്തേക്കുള്ള പദ്ധതികൾ സഭയിൽ അവതരിപ്പിച്ചു.
താൻ വന്നിരിക്കുന്നത് 20 കൊല്ലത്തേക്ക് കൂടെ തുടരാനാണെന്നായിരുന്നു മോദി പ്രസംഗത്തിൽ പറഞ്ഞത്. ഇനി പാർട്ടിയുടെ ശ്രദ്ധ കർഷക പ്രശ്നങ്ങളിലായിരിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ എല്ലാ ഇന്ത്യൻ പൗരൻമാരുടെയും ജീവിതം മെച്ചപ്പെടുത്തും. ദാരിദ്ര്യത്തിനെതിരെ പോരാടി പട്ടിണി തുടച്ചുനീക്കുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ചിലർ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു പ്രതിപക്ഷത്തിൻ്റെ ആരോപണങ്ങൾക്കെതിരെ പ്രധാനമന്ത്രിയുടെ മറുപടി. പ്രതിപക്ഷത്തിൻ്റെ വിഭജന അജണ്ട ജനം തള്ളിയെന്നും മോദി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങൾ രാജ്യമെങ്ങും പ്രചരിപ്പിക്കുമെന്നും ഭരണഘടന തങ്ങൾക്ക് ദിശാബോധം നൽകുന്ന വെളിച്ചമാണെന്നും മോദി പ്രസംഗിച്ചു.
അതേസമയം ഭരണസമയത്തെ എൻഡിഎ സർക്കാരിൻ്റെ പ്രവർത്തനങ്ങളെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. വിത്ത് തൊട്ട് വിപണി വരെ സർക്കാർ ഇടപെട്ടു, അതിൻ്റെ ഗുണവും രാജ്യത്തുണ്ടായി. അംഗപരിമിതർക്ക് വേണ്ടി വലിയ പദ്ധതികൾ നടപ്പാക്കിയെന്നും ട്രാൻസ്ജെൻഡർ പൗരന്മാർക്ക് വേണ്ടി വലിയ കാര്യങ്ങൾ ചെയ്തെന്നും മോദി പറഞ്ഞു.