
ലോകത്തെ ഞെട്ടിച്ച് മെക്സിക്കോയിൽ മയക്കുമരുന്നു സംഘങ്ങളുടെ ഏറ്റുമുട്ടലിൽ നൂറിലേറെ മരണമെന്ന് റിപ്പോർട്ട്. സംഘർഷങ്ങൾക്ക് അമേരിക്ക ഉത്തരവാദിയാണെന്ന് മെക്സിക്കോ പ്രസിഡൻ്റ് ആൻഡ്രേസ് ലോപസ് ആരോപിച്ചു. മയക്കുമരുന്ന് മാഫിയകൾ ഭരണസംവിധാനം തന്നെ നിയന്ത്രിക്കുന്നു എന്ന് ദുഷ്പേരുള്ള രാജ്യമാണ് മെക്സിക്കോ.
മെക്സിക്കോയിലെ സിനലോവയിലാണ് മയക്കുമരുന്ന് സംഘങ്ങളുടെ ഏറ്റുമുട്ടൽ തുടരുന്നത് . സെപ്റ്റംബർ 9ന് ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ 53 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 51 പേരെ കാണാനില്ല. ഇവരും കൊല്ലപ്പെട്ടു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
മയക്കുമരുന്ന് വ്യാപാരിയായ എൽ ചാപ്പോയുടെ നേതൃത്വത്തിലുള്ള "ലോസ് ചാപ്പിറ്റോസും എതിർ വിഭാഗമായ സംബാദ ഗ്രൂപ്പും തമ്മിലുള്ള അധികാര പോരാട്ടമാണ് ആക്രമണത്തിന് കാരണം. ഇരു സംഘങ്ങളുടെയും നേതാക്കളെ ജൂലൈയിൽ അമേരിക്ക അറസ്റ്റ് ചെയ്തിരുന്നു. സംഘർഷങ്ങൾക്ക് അമേരിക്കയും ഉത്തരവാദിയാണെന്ന് മെക്സിക്കോ പ്രസിഡൻ്റ് ആൻഡ്രേസ് ലോപസ് വിമർശിച്ചു.
READ MORE: ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കാൻ മോദി യുഎസിലെത്തി; ജോ ബൈഡനും മറ്റ് നേതാക്കളുമായി ചർച്ച നടക്കും
സെപ്റ്റംബർ 9 നു തുടങ്ങിയ സംഘർഷത്തെ തുടർന്ന് തലസ്ഥാനമായ കുലിയാക്കനിൽ സ്കൂളുകൾ അടച്ചു പൂട്ടുകയും ദൈനംദിന ജീവിതം തടസ്സപ്പെടുകയും ചെയ്തു. 40 ലധികം പേരെ അറസ്റ്റ് ചെയ്തതായും 5,000 ലധികം ഭക്ഷണ പൊതികൾ സിനലോവയിലുടനീളം കൈമാറിയതായും ഗവർണർ റൂബൻ റോച്ച മോയ പറഞ്ഞു. മയക്കുമരുന്ന് മാഫിയകളുടെ വലിയ അക്രമങ്ങൾക്കെതിരെ ദശാബ്ദങ്ങളായി പോരാട്ടം നടത്തുന്ന രാജ്യമാണ് മെക്സിക്കോ.