
പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ച ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാന്‍, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷറോഫ് എന്നിവര്‍ക്ക് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ നോട്ടീസ്. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യത്തില്‍ അഭിനയിച്ചെന്ന പരാതിയിലാണ് നടപടി.
വിമല്‍ പാന്‍ മസാല നിര്‍മാതാക്കളായ ജെബി ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാന്‍ വിമല്‍ കുമാര്‍ അഗര്‍വാളിനും ജയ്പൂരിലെ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. മാര്‍ച്ച് 19 ന് മുമ്പ് നേരിട്ട് ഹാജരാകാനാണ് നിര്‍ദേശം.
മാര്‍ച്ച് 19 ന് രാവിലെ പത്ത് മണിക്കുള്ളില്‍ നേരിട്ടോ അല്ലെങ്കില്‍ അഭിഭാഷകരോ ഹാജരായില്ലെങ്കില്‍ പരാതിയില്‍ തീരുമാനമെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. പാന്‍ മസാല നിര്‍മാതാക്കള്‍ക്കും പരസ്യത്തില്‍ അഭിനയിച്ച താരങ്ങള്‍ക്കും മറുപടി നല്‍കാന്‍ 30 ദിവസത്തെ സമയവും കമ്മീഷന്‍ അനുവദിച്ചിട്ടുണ്ട്.
ജയ്പൂരിലെ അഭിഭാഷകനായ യോഗേന്ദ്ര സിങ് ബദിയാല്‍ നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി. പാന്‍ മസാലയുടെ ഓരോ തരിയിലും കുങ്കുമപ്പൂവിന്റെ ശക്തിയുണ്ടെന്നായിരുന്നു വിമല്‍ പാന്‍മസാലയുടെ പരസ്യ വാചകം. ഈ പരസ്യവാചകം വിശ്വസിച്ച് സാധാരണക്കാര്‍ ദിവസേന പാന്‍ മസാല ഉപയോഗിക്കുകയും കാന്‍സര്‍ പോലുളള മാരക രോഗങ്ങളെ ക്ഷണിച്ചു വരുത്തുകയും ചെയ്യുമ്പോള്‍ നിര്‍മാതാക്കള്‍ കോടികളുടെ വരുമാനമാണ് ഉണ്ടാക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.
കുങ്കുമപ്പൂവ് അടങ്ങിയിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ജനങ്ങളെ പാന്‍മസാല വാങ്ങാന്‍ പ്രേരിപ്പിക്കുകയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒരു കിലോ കുങ്കുമപ്പൂവിന്റെ വില 4 ലക്ഷം രൂപയും പാന്‍മസാലയുടെ വില വെറും അഞ്ച് രൂപയുമാണ്. കുങ്കുമപ്പൂവിന്റെ സുഗന്ധം കൂട്ടിക്കലര്‍ത്താന്‍ കഴിയില്ല. ഉത്പന്നത്തില്‍ കുങ്കുമപ്പൂവിന്റെ അംശം ഇല്ലെന്നും പരാതിയില്‍ പറയുന്നു.
തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ പ്രചരിപ്പിച്ച കമ്പനിക്കും നിര്‍മാതാക്കള്‍ക്കുമെതിരെ നടപടിയെടുക്കണമെന്നാണ് അഭിഭാഷകന്റെ ആവശ്യം. തെറ്റായ വിവരങ്ങള്‍ വിശ്വസിച്ച് ജനങ്ങളുടെ ആരോഗ്യവും ജീവിതവും നശിക്കുന്നതില്‍ താരങ്ങള്‍ പരോക്ഷമായി കാരണമാകുന്നു. പാന്‍ മസാലയുടെ പരസ്യം നിരോധിക്കണമെന്നും താരങ്ങള്‍ക്ക് പിഴ ഈടാക്കണമെന്നുമാണ് പരാതിക്കാരന്റെ ആവശ്യം.