നോട്ടെണ്ണാൻ അധികം പണം ഈടാക്കി; ഫെഡറൽ ബാങ്കിന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി

എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതിയുടേതാണ് വിധി
നോട്ടെണ്ണാൻ അധികം പണം ഈടാക്കി; ഫെഡറൽ ബാങ്കിന് പിഴ വിധിച്ച് ഉപഭോക്തൃ കോടതി
Published on

നോട്ട് എണ്ണാൻ അധികം പണം ഈടാക്കിയതിന് ഫെഡറൽ ബാങ്കിന് ഉപഭോക്തൃ തർക്ക പരിഹാര കോടതി പിഴ വിധിച്ചു. ബാങ്കിൽ നിക്ഷേപിക്കാനെത്തിച്ച പണം എണ്ണി തിട്ടപ്പെടുത്താൻ കൗണ്ടിങ് ചാർജ് എന്ന പേരിൽ അന്യായ തുക ഈടാക്കിയതിലാണ് ഉപഭോക്തൃ കോടതിയുടെ ഇടപെടൽ.

നിയമവിരുദ്ധമായി 50 രൂപ അധികം ഈടാക്കിയ ബാങ്ക്, നഷ്ടപരിഹാരമായി 3000 രൂപയും, കോടതി ചെലവിനത്തിൽ 5000 രൂപയും, അധികമായി ഈടാക്കിയ 50 രൂപയും സഹിതം 8050 രൂപ ഉപഭോക്താവിന് നൽകണമെന്നാണ് എറണാകുളം ജില്ല ഉപഭോക്തൃ തർക്കപരിഹാര കോടതി ഫെഡറൽ ബാങ്ക് പെരുമ്പാവൂർ ബ്രാഞ്ചിനോട് നിർദേശിച്ചത്. എറണാകുളം അങ്കമാലി സ്വദേശി ഇ.എ. ബേബിയുടെ പരാതിയിലാണ് നടപടി.

ബിസിനസ് ആവശ്യത്തിന് വേണ്ടി കെ.കെ. ഫിലിപ്പ് എന്നയാളുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ 20,000 രൂപയാണ് പരാതിക്കാരൻ ബാങ്കിൽ എത്തിച്ചത്. 20 രൂപയുടെ നൂറ് നോട്ടുകൾ അടങ്ങിയ പത്ത് ബണ്ടിലായിരുന്നു. ഈ നോട്ടുകൾ എണ്ണിയെടുത്തതിൻ്റെ പേരിൽ ബാങ്ക് 100 രൂപ ചാർജ് ഈടാക്കി. എന്നാലിത് അന്യായമാണെന്നും 50 രൂപ മാത്രമെ ഈടാക്കാൻ നിയമപ്രകാരം കഴിയൂവെന്നും ബോധ്യപ്പെട്ട പരാതിക്കാരൻ ബാങ്കിന് നോട്ടീസയച്ചു.

അധികമായി വാങ്ങിയ തുക തിരിച്ച് നൽകണമെന്നും, അതിനൊപ്പം അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം, 25000 കോടതി ചെലവ് എന്നിങ്ങനെ നൽകണമെന്നും നോട്ടീസിൽ ആവശ്യം ഉന്നയിച്ചിരുന്നു. ഇത് നിരാകരിക്കപ്പെട്ടതോടെ ആണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്.

എന്നാൽ 50 രൂപ അധികം വാങ്ങിയത് തെറ്റാണെന്ന് ബോധ്യപ്പെട്ടതായി ബാങ്ക് കോടതി മുൻപാകെ ബോധിപ്പിച്ചു. എന്നാൽ പരാതിക്കാരന് ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തതു കൊണ്ട് അദ്ദേഹം തൻ്റെ ബെനിഫിഷ്യറിയായി നേരത്തെ പണമടച്ച കെ.കെ. ഫിലിപ്പിൻ്റെ അക്കൗണ്ടിലേക്ക് ജിഎസ്ടി തുക ഉൾപ്പെടെ 59 രൂപ അയച്ചു കൊടുത്തുവെന്നും ബാങ്ക് വാദിച്ചു. നോട്ടീസയച്ച പരാതിക്കാരനെ അറിയിക്കുകയോ അയാളുടെ അനുവാദം ചോദിക്കുകയോ ചെയ്യാതെ തുക മറ്റൊരു അക്കൗണ്ടിലേക്ക് അയച്ചത് സേവനത്തിലെ ന്യൂനതയാണെന്ന് ഡി.ബി. ബിനു പ്രസിഡൻ്റും, വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് വിലയിരുത്തി.

ബാങ്കിൻ്റെ ചട്ടത്തിനു വിരുദ്ധമായി 50 രൂപ അധികമായി വാങ്ങി എന്നത് ബാങ്ക് സമ്മതിച്ചു. തെറ്റുപറ്റിയെന്ന് ബോധ്യമായപ്പോഴും ആ തുക പരാതിക്കാരന് തന്നെ നൽകുന്നതിൽ ബാങ്ക് വീഴ്ചവരുത്തി. അനുവാദമില്ലാതെ ആ തുക ബെനിഫിഷ്യറിയുടെ അക്കൗണ്ടിലേക്ക് അയക്കുകയാണ് ചെയ്തതെന്നും കോടതി നിരീക്ഷിച്ചു. കോടതി ചെലവ് ഉൾപ്പെടെ 8050 രൂപ ഒരു മാസത്തിനകം പരാതിക്കാരന് നൽകണമെന്നും വീഴ്ച വരുത്തിയാൽ പലിശ സഹിതം നൽകേണ്ടി വരുമെന്നും ഉത്തരവിലുണ്ട്. പരാതിക്കാരന് വേണ്ടി അഡ്വ. അരുൺ അശോക് ഇയ്യാനി ഹാജരായി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com